ഖത്തറിലെ ഹമദ് പോര്‍ട്ടിലെത്തിയ കപ്പലുകളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധന
മുൻ മാസത്തെ അപേക്ഷിച്ച് 75 ശതമാനം വർധനയാണ് രേഖപ്പെടുത്തിയതെന്ന് അധികൃതർ അറിയിച്ചു
ഖത്തറിലെ ഹമദ് രാജ്യാന്തര പോർട്ടിൽ കഴിഞ്ഞ മാസം എത്തിയ കപ്പലുകളുടെ എണ്ണത്തിൽ വൻ വർധന. മുൻ മാസത്തെ അപേക്ഷിച്ച് 75 ശതമാനം വർധനയാണ് രേഖപ്പെടുത്തിയതെന്ന് അധികൃതർ അറിയിച്ചു. ജൂലൈ മാസത്തിൽ 371 കപ്പലുകൾ ഹമദ് പോർട്ടിൽ എത്തിയതായി പോർട്ട് അധികൃതർ വ്യക്തമാക്കി.
ജൂണ്‍ നാലിന് സൗദി സഖ്യ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധത്തെ തുടര്‍ന്നാണ് ഖത്തര്‍ ഹമദ് രാജ്യാന്തര തുറമുഖത്തിന്റെ സാധ്യത കാര്യമായി പ്രയോജനപ്പെടുത്തി തുടങ്ങിയത് . ഇതേതുടർന്നാണ് പോർട്ടിലെത്തുന്ന കപ്പലുകളുടെ എണ്ണത്തിൽ അസാധാരണമായ വർധന ഉണ്ടായതെന്ന് തുറമുഖ അധികൃതര്‍ വ്യക്തമാക്കി .. നേരത്തെ യു.എ.ഇ വഴിയായിരുന്നു പ്രധാനമായും കപ്പലുകൾ ഇവിടെ എത്തിയിരുന്നത്. എന്നാൽ യു.എ.ഇ വിലക്കേർപ്പെടുത്തിയതോടെ ഖത്തർ പുതിയ പാത തെരഞ്ഞെടുക്കുകയായിരുന്നു. ഈ പാത വഴിയാണ് ഇപ്പോൾ കപ്പലുകൾ ദോഹയിലേക്ക് എത്തുന്നത്. രാജ്യത്തിന്റെ സ്വപ്ന പദ്ധതിയായ 'വിഷൻ 2030ന്റെ ഭാഗമായി അന്താരാഷ്ട്രതലത്തിൽ തന്നെ വിപുലമായ സാധ്യത മുന്നിൽ കണ്ടുകൊണ്ടാണ് ഹമദ് പോർട്ട് രൂപകൽപന ചെയ്തിരിക്കുന്നത്. കൂടുതൽ വിദേശ രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിയും കയറ്റുമതിയുമാണ് രാജ്യം പ്രതീക്ഷിക്കുന്നത്. അന്താരാഷ്ട്ര തലത്തിൽ തന്നെ ഏറ്റവും മികച്ച തുറമുഖങ്ങളിൽ ഒന്നാണ് ഹമദ് പോർട്ടെന്ന് അധികൃതർ അറിയിച്ചു.