ആവശ്യങ്ങൾ അംഗീകരിക്കാതെ ഖത്തറുമായി ചർച്ചയില്ലെന്ന നിലപാടിലുറച്ച് സൗദി അനുകൂല രാജ്യങ്ങൾ
യൂയോർക്കിൽ ചേർന്ന ചതുർ രാഷ്ട്രങ്ങളുടെ മന്ത്രിതല സമിതിയാണ് നിലപാട് കടുപ്പിച്ചത്
ആവശ്യങ്ങൾ അംഗീകരിക്കാതെ ഖത്തറുമായി ചർച്ചയില്ലെന്ന നിലപാടിൽ ഉറച്ച് സൗദി അനുകൂല രാജ്യങ്ങൾ. ന്യൂയോർക്കിൽ ചേർന്ന ചതുർ രാഷ്ട്രങ്ങളുടെ മന്ത്രിതല സമിതിയാണ് നിലപാട് കടുപ്പിച്ചത്. ഇതോടെ അമേരിക്കയുടെയും കുവൈത്തിന്റെയും നേതൃത്വത്തിൽ തുടരുന്ന മധ്യസ്ഥ നീക്കങ്ങൾ വീണ്ടും പ്രതിസന്ധിയിലായി.
ന്യൂയോർക്കിൽ ഐക്യരാഷ്ട്ര സംഘടനയുടെ പൊതുസഭാ സമ്മേളനത്തിന്റെ ഭാഗമായാണ് സൗദി ഉൾപ്പെടെ നാല് രാജ്യങ്ങളിലെയും മന്ത്രിമാർ യോഗം ചേർന്നത്. തങ്ങൾ മുന്നോട്ടു വെച്ച ആവശ്യങ്ങളിൽ ഖത്തറിന്റെ ഭാഗത്തു നിന്ന് വ്യക്തമായ തീർപ്പുണ്ടാകുന്നതു വരെ ചർച്ചയിൽ കാര്യമില്ലെന്നാണ് യോഗം കൈക്കൊണ്ട തീരുമാനം. ഉപാധികളില്ലാത്ത ഏതൊരു ചർച്ചക്കും ഖത്തർ തയാറാണെന്ന് അമീർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
പ്രശ്നത്തിൽ രാഷ്ട്രീയ പരിഹാരം ഉണ്ടാകണമെന്ന ആഗ്രഹമാണുള്ളത്. എന്നാൽ തങ്ങൾ മുന്നോട്ടു വെച്ച ഉപാധികൾ അംഗീകരിക്കാൻ ഖത്തർ തയാറാവണം. യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഖത്തർ അമീറുമായി നടന്ന ചർച്ചയിലും പ്രതിസന്ധി പരിഹരിക്കാൻ ഉതകുന്ന യാതൊന്നും ഉണ്ടായില്ലെന്ന വിലയിരുത്തലിൽ ആണ് സൗദി അനുകൂല രാജ്യങ്ങൾ. യു.എ.ഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ്, സൗദി വിദേശകാര്യ മന്ത്രി ആദിൽ അൽ ജുബൈർ, യു.എ.ഇ വിദേശകാര്യ സഹമന്ത്രി ഡോ. അൻവർ ഗർഗാശ്, ബഹ്റൈൻ വിദേശകാര്യ മന്ത്രി ഖാലിദ് ബിൻ അഹ്മദ് ആൽ ഖലീഫ, ഈജിപ്ത് വിദേശകാര്യ മന്ത്രി സമീഅ് ശുക്രി , യു.എ.ഇയുടെ യു.എസ് സ്ഥാനപതി യൂസുഫ് അൽ ഉതൈബ എന്നിവരാണ് യോഗത്തിൽ സംബന്ധിച്ചത്.
യോഗം ഫലപ്രദവും ഗുണകരവുമായിരുന്നുവെന്ന് പ്രതിനിധികൾ അറിയിച്ചു. തങ്ങൾ ഉന്നയിച്ച പതിമൂന്നിന ആവശ്യങ്ങൾ നടപ്പാക്കുന്നതിലൂടെയാണ് പ്രതിസന്ധിക്ക് രാഷ്ട്രീയ പരിഹാരം ഉണ്ടാവുകയെന്നും അവർ കൂട്ടിച്ചേർത്തു. 105 നാളുകൾ പിന്നിട്ട രാഷ്ട്രീയ പ്രതിസന്ധി ഇനിയും നീണ്ടേക്കുമെന്ന സൂചന തന്നെയാണ് ഇരുപക്ഷവും തുടരുന്ന കടുത്ത നിലപാടിൽ തെളിയുന്നത്.