പള്ളികളില്‍ സംഭാവന പിരിക്കുന്നതില്‍ കടുത്ത നിയന്ത്രണം തുടരുമെന്ന് കുവൈത്ത്
റമദാന് മുന്നോടിയായി മുഴുവൻ പള്ളി ഇമാമുമാർക്കും ഇത് സംബന്ധിച്ച സർക്കുലർ അയക്കുമെന്നും ഔകാഫ് വൃത്തങ്ങൾ അറിയിച്ചു
പള്ളികളിൽ സംഭാവന പിരിക്കുന്നതിൽ കടുത്ത നിയന്ത്രണം തുടരുമെന്ന് കുവൈത്ത് ഔകാഫ് മന്ത്രാലയം. റമദാന് മുന്നോടിയായി മുഴുവൻ പള്ളി ഇമാമുമാർക്കും ഇത് സംബന്ധിച്ച സർക്കുലർ അയക്കുമെന്നും ഔകാഫ് വൃത്തങ്ങൾ അറിയിച്ചു . സാമൂഹ്യ ക്ഷേമ മന്ത്രാലയത്തിൽനിന്ന് അനുമതി കരസ്ഥമാക്കിയ സന്നദ്ധ സംഘടനകൾക്കു മാത്രമായിരിക്കും പണം പരിക്കാൻ അനുമതിയുണ്ടാവുക.
ജീവകാരുണ്യ പ്രവർത്തനങ്ങളുടെ പേരിൽ പള്ളികൾ കേന്ദ്രീകരിച്ചുള്ള പിരിവിനു മുൻവർഷങ്ങളിൽ ഏർപ്പെടുത്തിയ നിയന്ത്രണം ഇക്കൊല്ലവും തുടരുമെന്ന് അധികൃതർ വ്യക്തമാക്കി. കഴിഞ്ഞ വർഷത്തേതുപോലെ ശക്തമായ നിബന്ധനകളോടെ മാത്രമായിരിക്കും സന്നദ്ധ സംഘടനകളെ പണം സമാഹരിക്കാൻ അനുവദിക്കുക. ഇത് സംബന്ധിച്ച ഔദ്യോഗിക നിർദേശം പള്ളി ഇമാമുമാർക്ക് ഉടൻ അയക്കുമെന്നു ഔഖാഫ് മന്ത്രാലയ വൃത്തങ്ങൾ വെളിപ്പെടുത്തി . സാമൂഹിക തൊഴിൽകാര്യ മന്ത്രാലയത്തിൽനിന്ന് അനുമതി കരസ്ഥമാക്കിയ സന്നദ്ധ സംഘടനകൾക്കാണ് ഉദാരമതികളിൽനിന്ന് പണം പരിക്കാൻ അനുമതിയുണ്ടാവുക. പിരിവു നടത്തുമ്പോൾ ഇമാം പള്ളയിലുണ്ടായിരിക്കണം .പിരിവിനു നിയോഗിക്കപ്പെട്ട സംഘടന പ്രതിനിധി അനുമതി കാർഡ് പ്രദർശിപ്പിക്കണം . വ്യക്തികളിൽ നിന്ന് പണമായി സംഭാവന സ്വീകരിക്കരുത് കെ.നെറ്റ് സംവിധാനം ഉപയോഗപ്പെടുത്തി ഓൺലൈൻ വഴി അക്കൗണ്ടിലേക്ക് പണം മാറ്റുകയാണ് ചെയ്യേണ്ടത്. നിർദേശങ്ങൾ ലംഘിക്കപ്പെട്ടാൽ പള്ളി ഇമാം ഉത്തരവാദിയെന്നും അധികൃതർ വ്യക്തമാക്കി. നിയന്ത്രണങ്ങൾ കടുപ്പിച്ചതിനാൽ കഴിഞ്ഞ വർഷം അനധികൃത പണപ്പിരിവുകൾ ഗണ്യമായി കുറക്കാൻ കഴിഞ്ഞതായാണ് അധികൃതരുടെ വിലയിരുത്തൽ.