വ്യോമയാന വിലക്ക്; ഖത്തറിന്റെ ആവശ്യം അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ സംഘടന തള്ളി
ഖത്തറും മറ്റു ഗൾഫ് രാജ്യങ്ങളുമായുള്ള പ്രശ്നം പരിഹരിക്കാനുള്ള വേദിയല്ല ഇതെന്ന നിലപാടാണ് സംഘടന കൈക്കൊണ്ടത്
വ്യോമയാന പാതയിൽ തങ്ങളുടെ വിമാനങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്ക്പിൻവലിക്കാൻ ഇടപെടണമെന്ന ഖത്തറിന്റെ ആവശ്യം അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ സംഘടന തള്ളിയതായി റിപ്പോർട്ട്. ഖത്തറും മറ്റു ഗൾഫ് രാജ്യങ്ങളുമായുള്ള പ്രശ്നം പരിഹരിക്കാനുള്ള വേദിയല്ല ഇതെന്ന നിലപാടാണ് സംഘടന കൈക്കൊണ്ടത്.
രണ്ടു മാസമായി ഖത്തർ എയർവേസ് വിമാനങ്ങൾക്ക് തങ്ങളുടെ വ്യോമപാതയിൽ പ്രവേശിക്കുന്നതിന് സൗദി, യുഎഇ, ബഹ്റൈൻ, ഈജിപ്ത് എന്നീ രാജ്യങ്ങൾ വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്. ഇത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ഖത്തർ അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ സംഘടനക്ക് പരാതി നൽകിയിരുന്നു. തങ്ങൾക്ക് അനുകൂലമായി സംഘടന തീരുമാനം കൈക്കൊള്ളുമെന്ന പ്രതീക്ഷയിലായിരുന്നു ഖത്തർ. അടച്ചിട്ട വ്യോമപാത തുറന്നു കൊടുക്കാൻ നാലു രാജ്യങ്ങളും ഒരുങ്ങുന്നതായും റിപ്പോർട്ട് വന്നിരുന്നു. എന്നാൽ കാനഡ മോൺട്രിയാലിലെ അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ സംഘടന പ്രശ്നത്തിൽ ഇടപെടാൻ സാധിക്കില്ലെന്നാണ് അറിയിച്ചിരിക്കുന്നത്. ഖത്തറും മറ്റ് നാലു രാജ്യങ്ങളുമായുള്ളത് രാഷ്ട്രീയ ഭിന്നതയാണെന്നും അതുകൊണ്ടു തന്നെ മറ്റ് അന്താരാഷ്ട്ര വേദികളിലാണ് പ്രശ്നം ഉന്നയിക്കേണ്ടതെന്നും സംഘടന പ്രസ്താവനയിൽ അറിയിച്ചു.
ഗൾഫ് പ്രതിസന്ധിയെ അന്താരാഷ്ട്രവത്കരിക്കാനുള്ള നീക്കത്തെ ഒരു നിലക്കും അംഗീകരിക്കാൻ പറ്റില്ലെന്ന് സൗദി അറേബ്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ സംഘടനക്ക് നൽകിയ വിശദീകരണത്തിൽ അറിയിച്ചിരുന്നു. അതിനിടെ, അമേരിക്കയുടെയും ബ്രിട്ടന്റെയും പ്രതിനിധി സംഘം നടത്തിയ മധ്യസ്ഥ നീക്കങ്ങൾ ഏറെക്കുറെ പൂർത്തിയായി. തീവ്രവാദ വിരുദ്ധ നിലപാടിലേക്ക് ഖത്തർ വരികയും അനുരഞ്ജന കരാർ നടപ്പാക്കാൻ വ്യക്തമായ സംവിധാനം ഉണ്ടാവുകയും വേണമെന്നാണ് സൗദി അനുകൂല രാജ്യങ്ങളുടെ നിലപാട്. സെപ്തംബർ ആറിന് കുവൈത്ത് അമീർ വൈറ്റ് ഹൗസിൽ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി നടത്തുന്ന ചർച്ചയോടെ പ്രതിസന്ധിക്ക് അയവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷ.