അബൂദബിയിലെ റോഡുകളിലും ടോള്‍ സംവിധാനം
പ്രധാനറോഡുകളിലെ ഗതാഗതകുരുക്ക് കുറക്കാന്‍ ലക്ഷ്യമിട്ടാണ് ചുങ്കം ഏര്‍പ്പെടുത്തുന്നത്
അബൂദബിയിലെ റോഡുകളിലും ടോള്‍ സംവിധാനം വരുന്നു. യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്‍യാനാണ് ഇതുസംബന്ധിച്ച ഉത്തരവിട്ടത്. പ്രധാനറോഡുകളിലെ ഗതാഗതകുരുക്ക് കുറക്കാന്‍ ലക്ഷ്യമിട്ടാണ് ചുങ്കം ഏര്‍പ്പെടുത്തുന്നത്.
യുഎഇയില്‍ ദുബൈ നഗരത്തില്‍ മാത്രമാണ് വിവിധ റോഡുകളില്‍ സാലിക് എന്ന പേരില്‍ കടന്നുപോകുന്ന വാഹനങ്ങളില്‍ നിന്ന് ചുങ്കം ഈടാക്കുന്ന സംവിധാനമുള്ളത്. ഇത് തലസ്ഥാനമായ അബൂദബിയിലും നടപ്പാക്കാനാണ് പ്രസിഡന്റിന്റെ ഉത്തരവ്. ഏതൊക്കെ റോഡുകളില്‍, ഏതൊക്കെ സമയം ചുങ്കം ഏര്‍പ്പെടുത്തണമെന്ന് തീരുമാനിക്കാന്‍ അബൂദബി ഗതാഗത വകുപ്പിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ചുങ്കത്തിന്റെ നിരക്കും ഇവരാണ് നിശ്ചയിക്കുക. വകുപ്പ് നല്‍കുന്ന നിര്‍ദേശം അബൂദബി എക്സിക്യൂട്ടീവ് കൗണ്‍സില്‍ പരിശോധിച്ച് അനുമതി നല്‍കും. ചുങ്കം ഏര്‍പ്പെടുത്തുന്ന റോഡിലൂടെ കടന്നുപോകാന്‍ വാഹന ഉടമകള്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം. ആംബുലന്‍സ്, സിവില്‍ഡിഫന്‍സ് വാഹനങ്ങള്‍, സൈനിക വാഹനങ്ങള്‍, പൊതുബസുകള്‍, മോട്ടോര്‍ സൈക്കിളുകള്‍ എന്നിവക്ക് ടോള്‍ ബാധകമായിരിക്കില്ല. ടോള്‍ നല്‍കാതെ കടന്നുപോകുന്നത് പതിനായിരം മുതല്‍ 25,000 ദിര്‍ഹം വരെ പിഴ ലഭിക്കാവുന്ന കുറ്റകൃത്യമാകുമെന്നും ഇതുസംബന്ധിച്ച നിയമം വ്യക്തമാക്കുന്നു.