മാലിന്യനീക്കം; ദുബൈ നഗരസഭ 42 പുതിയ വാഹനങ്ങള്‍ കൂടി വാങ്ങി

Update: 2018-04-27 16:22 GMT
Editor : Jaisy
മാലിന്യനീക്കം; ദുബൈ നഗരസഭ 42 പുതിയ വാഹനങ്ങള്‍ കൂടി വാങ്ങി
Advertising

സുരക്ഷക്ക് മുന്‍ഗണന നല്‍കുന്നതും പരിസ്ഥിതി സൗഹൃദവുമായ അത്യാധുനിക വാഹനങ്ങളാണ് വാങ്ങിയിരിക്കുന്നതെന്ന് നഗരസഭയുടെ ഗതാഗത വിഭാഗം ഡയറക്ടര്‍ ഹുമൈദ് സഈദ് അല്‍ മര്‍റി അറിയിച്ചു

Full View

മാലിന്യ നീക്കത്തിനായി ദുബൈ നഗരസഭ 42 പുതിയ വാഹനങ്ങള്‍ കൂടി വാങ്ങി. സുരക്ഷക്ക് മുന്‍ഗണന നല്‍കുന്നതും പരിസ്ഥിതി സൗഹൃദവുമായ അത്യാധുനിക വാഹനങ്ങളാണ് വാങ്ങിയിരിക്കുന്നതെന്ന് നഗരസഭയുടെ ഗതാഗത വിഭാഗം ഡയറക്ടര്‍ ഹുമൈദ് സഈദ് അല്‍ മര്‍റി അറിയിച്ചു.

പുതിയ വാഹനങ്ങള്‍ കൂടി എത്തിയതോടെ നഗരസഭയുടെ കൈവശമുള്ള മൊത്തം ഹെവി ട്രക്കുകളുടെ എണ്ണം 570 ആയി. അഴുക്കുവെള്ളവും മാലിന്യവും കൊണ്ടുപോകാനാണ് ഈ വാഹനങ്ങള്‍ ഉപയോഗിക്കുന്നത്. ഇതിന് പുറമെ 277 ഹെവി വാഹനങ്ങളും 2279 ചെറിയ വാഹനങ്ങളും നഗരസഭക്കുണ്ട്. പുതിയ വാഹനങ്ങളില്‍ 11 എണ്ണം അത്യാധുനിക സുരക്ഷാ സംവിധാനങ്ങള്‍ ഉള്ളതാണ്. പൊതുനിരത്തുകളില്‍ മാലിന്യ നീക്കം നടത്തുമ്പോള്‍ അപകടങ്ങള്‍ ഉണ്ടായാല്‍ ജീവനക്കാര്‍ക്ക് പരിക്കേല്‍ക്കാത്ത വിധമാണ് സുരക്ഷാ സംവിധാനങ്ങള്‍ സജ്ജീകരിച്ചിരിക്കുന്നത്. മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത്തില്‍ വരുന്ന വാഹനങ്ങള്‍ പുറകില്‍ വന്നിടിച്ചാലും ആഘാതം ജീവനക്കാര്‍ക്ക് അനുഭവപ്പെടില്ല. വാഹനത്തിന്‍െറ പിന്നില്‍ ഘടിപ്പിച്ച ഷോക്ക് അബ്സോര്‍ബറുകളാണ് ഇതിന് സഹായിക്കുന്നത്.

5000 ഗാലണ്‍ അഴുക്കുജലം ഉള്‍ക്കൊള്ളുന്ന 13 മെഴ്സിഡസ് ട്രക്കുകള്‍ പുതിയ വാഹന നിരയിലുണ്ട്. ഏഴ് ടണ്‍ മാലിന്യം ശേഖരിക്കാന്‍ കഴിയുന്ന മെഴ്സിഡസ് ഡംപ് ട്രക്കുകളുമുണ്ട്. 20 ടണ്‍ ശേഷിയുള്ള രണ്ട് ട്രക്കുകള്‍ അഗ്രികള്‍ചര്‍ ആന്‍ഡ് പബ്ലിക് ഗാര്‍ഡന്‍സ് വകുപ്പിനാണ് നല്‍കുക. എട്ട് സ്കാനിയ ട്രക്കുകള്‍ ഇറിഗേഷന്‍ ആന്‍ഡ് സാനിറ്ററി ഡ്രെയിനേജ് വകുപ്പിനും നല്‍കും. 20 ടണ്‍ മാലിന്യം ക്രെയിനിന്റെ സഹായത്തോടെ കയറ്റാന്‍ ഈ ട്രക്കിന് ശേഷിയുണ്ട്.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News