വാറ്റ് നടപ്പാക്കാന്‍ ഒരാഴ്ച; രജിസ്ട്രേഷൻ നടത്താത്ത സ്ഥാപനങ്ങൾ നിരവധി
മലയാളികളുടെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളും കൂട്ടത്തിലുണ്ട്
മൂല്യവർധിത നികുതി നടപ്പാക്കാൻ ഒരാഴ്ച മാത്രം ബാക്കിനിൽക്കെ, ഇനിയും വാറ്റ് രജിസ്ട്രേഷൻ നടത്താത്ത നിരവധി സ്ഥാപനങ്ങൾ ബാക്കി. മലയാളികളുടെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളും കൂട്ടത്തിലുണ്ട്. കടുത്ത പിഴയും മറ്റു ബുദ്ധിമുട്ടുകളും ഇവർ നേരിടേണ്ടി വരുമെന്നാണ് അധികൃതർ നൽകുന്ന മുന്നറിയിപ്പ്.
മാസങ്ങൾക്കു മുമ്പെ അധികൃതർ നിർദ്ദേശിച്ചതു പ്രകാരം രജിസ്ട്രേഷൻ പ്രക്രിയ പൂർത്തിയാക്കിയ നിരവധി സ്ഥാപനങ്ങളുണ്ട്. എന്നാൽ ഫെഡറൽ ടാക്സ് അതോറിറ്റിയും സാമ്പത്തിക മന്ത്രാലയവും തുടരെ അറിയിപ്പുകൾ നൽകിയിട്ടും വാറ്റ് തങ്ങൾക്കു ബാധകമാണോയെന്നു കരുതി മടിച്ചു നിൽക്കുന്ന ഒട്ടേറെ സ്ഥാപനങ്ങളുണ്ട്. വാറ്റിനെക്കുറിച്ച് പലരും ഇനിയും വേണ്ടത്ര ബോധവാൻമാരായിട്ടില്ലെന്നാണു വിലയിരുത്തൽ.
ജനുവരി ഒന്നു മുതലാണ് വാറ്റ് നടപ്പാവുക.ഭക്ഷ്യവസ്തുക്കൾ ഉൾപ്പെടെ, ഒട്ടുമിക്ക വസ്തുക്കൾക്കും വാറ്റ് നൽകേണ്ടിവരുമെങ്കിലും ജീവിത ചെലവിൽ നേരിയ വർധനയേ ഉണ്ടാകൂ എന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. സമ്പദ് വ്യവസ്ഥയ്ക്ക് വാറ്റ് കൂടുതൽ കരുത്തു പകരുമെന്നും അധികൃതർ ഉറപ്പിക്കുന്നു. വിൽക്കുകയോ, വാങ്ങുകയോ ചെയ്യുന്ന സാധനസാമഗ്രികൾ, സേവനങ്ങൾ തുടങ്ങിയവയിലാണ് വാറ്റ് ഈടാക്കുക.
യുഎഇയിലെ എല്ലാ ബിസിനസ് സ്ഥാപനങ്ങളും ഇടപാടുകൾ രേഖാമൂലമാക്കാൻ നിർബന്ധിക്കപ്പെടും എന്നതാണ് പ്രത്യേകത. വാർഷിക വിറ്റുവരവ് മൂന്നേ മുക്കാൽ ലക്ഷം ദിർഹമുള്ള എല്ലാ സ്ഥാപനങ്ങളും രജിസ്റ്റർ ചെയ്യണം എന്നതാണ് ചട്ടം. നികുതി റിട്ടേണുകൾ കൃത്യമായി നിർദിഷ്ട സമയത്തു സമർപ്പിച്ചിരിക്കണം.