മസ്കത്തിൽ നിന്ന് ഇന്ത്യയിലേക്കുള്ള യാത്രക്കാർക്ക് അധിക വിമാനക്കൂലി നൽകാതെ ടെലിവിഷനുകൾ നാട്ടിൽ കൊണ്ടുപോകാം
സൗജന്യ ലഗേജ് അലവൻസിൽ ഉൾപ്പെടുത്തിയാകും ഈ ആനുകൂല്യം ലഭ്യമാക്കുക
ടെലിവിഷൻ നാട്ടിൽ കൊണ്ടുപോകാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്ക് സന്തോഷം പകരുന്ന തീരുമാനവുമായി ജെറ്റ് എയർവേസും എയർ ഇന്ത്യയും. മസ്കത്തിൽ നിന്ന് ഇന്ത്യയിലേക്കുള്ള യാത്രക്കാർക്ക് അധിക വിമാനക്കൂലി നൽകാതെ ടെലിവിഷനുകൾ നാട്ടിൽ കൊണ്ടുപോകാൻ സാധിക്കും.
സൗജന്യ ലഗേജ് അലവൻസിൽ ഉൾപ്പെടുത്തിയാകും ഈ ആനുകൂല്യം ലഭ്യമാക്കുക. 48 ഇഞ്ച് വരെയുള്ള ടെലിവിഷൻ ആണ് ഇങ്ങനെ കൊണ്ടുപോകാൻ സാധിക്കുക. നവംബർ 1 മുതൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഈ ആനുകൂല്യം ലഭ്യമാകുമെന്നാണ് സർക്കുലറിൽ ഉള്ളതെന്ന് ട്രാവൽ ഏജൻസികളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർ പറഞ്ഞു. ടെലിവിഷനുകൾ ഒറിജിനൽ പാക്കിങ്ങിൽ ഉള്ളതാകണം. ടെലിവിഷൻ അടക്കം ലഗേജിന്റെ ഭാരം സൗജന്യ പരിധിയിലും അധികമായാൽ ഓരോ കിലോക്കും അധിക നിരക്ക് നൽകേണ്ടിവരും. ഇരുപത് റിയാലും അതിന് മുകളിലും വരെ ലാഭമാണ് പുതിയ തീരുമാനം വഴി ടെലിവിഷനുകൾ കൊണ്ടുപോകുന്നവർക്ക് ഉണ്ടാവുക.