സൗദിയില്‍ സര്‍ക്കാരിന്റെ കീഴിലുള്ള 25 സ്കൂളുകള്‍ സ്വകാര്യ മേഖലക്ക് നല്‍കാന്‍ അംഗീകാരം
സല്‍മാന്‍ രാജാവിന്റെ അദ്ധ്യക്ഷതയില്‍ ചൊവ്വാഴ്ച ചേര്‍ന്ന മന്ത്രിസഭ യോഗമാണ് സുപ്രധാന തീരുമാനമെടുത്തത്
സൗദിയില്‍ സര്‍ക്കാരിന്റെ കീഴിലുള്ള 25 സ്കൂളുകള്‍ സ്വകാര്യ മേഖലക്ക് നല്‍കാന്‍ മന്ത്രിസഭ അംഗീകാരം നല്‍കി. സല്‍മാന്‍ രാജാവിന്റെ അദ്ധ്യക്ഷതയില്‍ ചൊവ്വാഴ്ച ചേര്‍ന്ന മന്ത്രിസഭ യോഗമാണ് സുപ്രധാന തീരുമാനമെടുത്തത്.
സ്വതന്ത്ര സ്കൂളുകള്‍ എന്ന പുതിയ തലക്കെട്ടിലാണ് മന്ത്രിസഭ അംഗീകാരം നല്‍കിയ സ്വകാര്യവത്കരണം ആരംഭിക്കുന്നത്. സൗദി കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ അദ്ധ്യക്ഷനായുള്ള സാമ്പത്തിക, വികസന സഭയുടെ നിര്‍ദേശപ്രകാരമാണ് സ്വതന്ത്ര സ്കൂള്‍ പദ്ധതിക്ക് അംഗീകാരം നല്‍കുന്നത്. സൗദി വിദ്യാഭ്യാസ സമിതിയുടെ മേല്‍നോട്ടത്തിലാണ് സ്കൂളുകളുടെ സ്വകാര്യവത്കരണ നടപടികള്‍ പൂര്‍ത്തീകരിക്കുക. സൗദി വിഷന്‍ 2030ന്റെ ഭാഗമായി സര്‍ക്കാര്‍ ചെലവുകള്‍ കുറക്കാന്‍ കൂടുതല്‍ മേഖലയില്‍ സ്വകാര്യവത്കരണം നടപ്പാക്കുമെന്ന് കിരീടാവകാശി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. അടിസ്ഥാന സൗകര്യങ്ങള്‍, ഊര്‍ജ്ജം, ശുദ്ധജല വിതരണം, ഗതാഗതം, ടെലികമ്യൂണിക്കേഷന്‍, പെട്രോകെമിക്കല്‍, ധനകാര്യം, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകള്‍ സ്വകാര്യവത്കരിക്കാനാണ് സാമ്പത്തിക, വികസന സഭ ഉദ്ദേശിക്കുന്നത്.