നാടക പ്രവര്‍ത്തനം അഭിനയ ജീവിതത്തിന് തിളക്കം കൂട്ടിയെന്ന് എം80 മൂസയും പാത്തുവും
നാടക പ്രവര്‍ത്തനങ്ങള്‍ തങ്ങളുടെ അഭിനയ ജീവിതത്തിന് തിളക്കം കൂട്ടാന്‍ മുഖ്യ പങ്ക് വഹിച്ചുവെന്ന് പ്രശസ്ത സിനിമാ ടെലിവിഷന്‍ താരങ്ങളായ വിനോദ് കോവൂരും സുരഭി ലക്ഷ്മിയും
നാടക പ്രവര്‍ത്തനങ്ങള്‍ തങ്ങളുടെ അഭിനയ ജീവിതത്തിന് തിളക്കം കൂട്ടാന്‍ മുഖ്യ പങ്ക് വഹിച്ചുവെന്ന് പ്രശസ്ത സിനിമാ ടെലിവിഷന്‍ താരങ്ങളായ വിനോദ് കോവൂരും സുരഭി ലക്ഷ്മിയും പറഞ്ഞു. മീഡിയവണ്‍ എം80 മൂസയിലെ മൂസ, പാത്തു എന്നീ കഥാപാത്രങ്ങളാണ് തങ്ങളെ ജനപ്രിയരാക്കിയതെന്നും താരങ്ങള്‍ ദോഹയില്‍ പറഞ്ഞു.
കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ ഗള്‍ഫുനാടുകളില്‍ 37 സ്റ്റേജ് പരിപാടികളാണ് വിനോദ് കോവൂരും സുരഭിയും അവതരിപ്പിച്ചത്. ഇതില്‍ ഭൂരിഭാഗവും എം80 മൂസ യിലെ കഥാപാത്രങ്ങളെ സ്റ്റേജില്‍ അവതരിപ്പിക്കുകയായിരുന്നു. ഖത്തറില്‍ മാത്രം ഇതിനകം നാല് സ്റ്റേജ് ഷോകള്‍ അവതരിപ്പിച്ച ഇവര്‍ സൗദി അറേബ്യ ഒഴികെയുള്ള എല്ലാ ഗള്‍ഫ്നാടുകളിലും രംഗാവിഷ്കാരങ്ങളുമായെത്തി. ഗല്ഫ് പ്രവാസികളാണ് തങ്ങള്‍ക്ക് പ്രചോദനമായതെന്ന് വിനോദ് കോവൂര്‍ പറഞ്ഞു.
കേരളത്തിന്റെ പരിഛേദമായ ഗള്‍ഫ് പ്രവാസികളില്‍ എല്ലാ ജില്ലക്കാരും എം80 മൂസയെ ഏറ്റെടുത്തതായാണ് അവരുടെ പ്രതികരണങ്ങളില്‍ നിന്ന് മനസ്സലാവുന്നത് . മംവാക് ദോഹയില്‍ സംഘടിപ്പിച്ച മലപ്പുറം ജില്ലാ പിറവി ആഘോഷത്തില്‍ പങ്കെടുക്കാനായാണ് ഇരുവരും ദോഹയിലെത്തിയത്. നാടകരംഗത്ത് നിന്ന് ടെലിവിഷന്‍ പരിപാടികളിലും പിന്നീട് സിനിമയിലുമെത്തിയ ഇരു താരങ്ങള്‍ക്കും എം80 മൂസയിലെ വേഷങ്ങള്‍ വഴിത്തിരിവായതായും ഗള്‍ഫ് പ്രവാസികളുടെ പിന്തുണ പ്രചോദമായതായും ഇരുവരും പറഞ്ഞു.