ദമ്മാം ഇന്ത്യന്‍ സ്‌കൂള്‍ തെരഞ്ഞെടുപ്പ്; അന്തിമ സ്ഥാനാര്‍ത്ഥി പട്ടിക പ്രസിദ്ധീകരിച്ചു
എട്ട് പേരാണ് അവസാന ഘട്ടത്തില്‍ മല്‍സര രംഗത്തുള്ളത്
ദമ്മാം ഇന്ത്യന്‍ സ്‌കൂള്‍ ഭരണ സമിതി തെരഞ്ഞെടുപ്പ് അന്തിമ സ്ഥാനാര്‍ത്ഥി പട്ടിക പ്രസിദ്ധീകരിച്ചു. എട്ട് പേരാണ് അവസാന ഘട്ടത്തില്‍ മല്‍സര രംഗത്തുള്ളത്. കേരളം, തമിഴ്‌നാട്, ബിഹാര്‍ എന്നീ സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ച് ഓരോ സ്ഥാനാര്‍ത്ഥികള്‍ മാത്രമാണ് മല്‍സരിക്കുന്നത്.
കഴിഞ്ഞ ദിവസത്തോടെ സ്ഥാനാര്‍തിത്ഥം പിന്‍വലിക്കാനുള്ള സമയം അവസാനിച്ചിരുന്നു. നേരത്തെ പ്രസിദ്ധപ്പെടുത്തിയ സ്ഥാനാര്‍ഥി പട്ടികയിലെ ഒന്‍പത് പേരില്‍ ഒരാള്‍ മാത്രമാണ് പിന്‍മാറിയത്. ബാക്കി എട്ടു പേരാണ് അന്തിമ സ്ഥാനാര്‍ത്ഥി പട്ടികയിലുള്ളത്. തെലുങ്കാനയില്‍ നിന്ന് മൂന്നും കര്‍ണാടകയില്‍ നിന്ന് രണ്ടും കേരളം, തമിഴ്‌നാട്, ബിഹാര്‍ എന്നീ സംസ്ഥാനങ്ങളില്‍ നിന്ന് ഓരോ ആള്‍ വീതവുമാണ് മല്‍സര രംഗത്തുള്ളത്. ഇതില്‍ ഏക സ്ഥാനാര്‍ത്ഥികളായ കേരളത്തിന്റെയും തമിഴ്‌നാടിന്റെയും ബിഹാറിന്റെയും സ്ഥാനാര്‍ത്ഥികള്‍ തെരഞ്ഞെടുക്കപ്പെടുമെന്ന് ഉറപ്പായി. ഏഴംഗ ഭരണ സമിതിയിലേക്ക് അഞ്ച് പേരെയാണ് തെരഞ്ഞെടുക്കുക. ബാക്കി രണ്ടു പേരെ എംബസി നോമിനേഷനിലൂടെ കണ്ടെത്തുകയാണ് ചെയ്യുക. മെയ് നാലിനാണ് തെരഞ്ഞെടുപ്പ്. അന്ന് തന്നെ വോട്ടെണ്ണി ഫലം പ്രഖ്യാപിക്കും. ഏറ്റവും കൂടുതല്‍ വോട്ട് നേടുന്ന വ്യക്തിയെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് പരിഗണിക്കാറാണ് പതിവ്. കേരളത്തെ പ്രതിനിധികരിച്ച് മല്‍സരിക്കുന്നത് എറണാകുളം സ്വദേശി സുനില്‍ മുഹമ്മദ് ആണ്. ഭരണ സമിതി അംഗത്വം ഉറപ്പായതിനാല്‍ പരമാവധി വോട്ടുകള്‍ നേടുക എന്നതാണ് സുനില്‍ മുഹമ്മദിനെ സംബന്ധിച്ച് ഇനിയുള്ള ലക്ഷ്യം. 17000 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ്‌കൂളിലെ പകുതിയിലധികം വിദ്യാര്‍ഥികള്‍ മലയാളികളാണ്. ഏഴായിരത്തോളം രക്ഷിതാക്കള്‍ക്കാണ് വോട്ടവകാശം വിനിയോഗിക്കാന്‍ സാധിക്കുക.