റിപ്പബ്ലിക്ക് ദിനാഘോഷത്തിന് മുഖ്യാതിഥി അബൂദബി കിരീടാവകാശി
2017 ജനുവരി 26ന് ന്യൂഡല്‍ഹിയില്‍ നടക്കുന്ന ഇന്ത്യന്‍ റിപ്പബ്‌ളിക് ദിനാഘോഷ പരിപാടികളില്‍ അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍ മുഖ്യാതിഥിയാകും.
2017 ജനുവരി 26ന് ന്യൂഡല്‍ഹിയില്‍ നടക്കുന്ന ഇന്ത്യന്‍ റിപ്പബ്‌ളിക് ദിനാഘോഷ പരിപാടികളില്‍ അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍ മുഖ്യാതിഥിയാകും. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഏറ്റവും കൂടുതല്‍ ശക്തമാണെന്നതിന്റെ തെളിവ് കൂടിയായാണ് ഇന്ത്യയുടെ ക്ഷണം വിലയിരുത്തപ്പെടുന്നത്.
റിപ്പബ്‌ളിക് ദിന ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെയാണ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന് കത്ത് നല്‍കിയത്. ക്ഷണം സ്വീകരിച്ചു കൊണ്ട് മോദിക്ക് മറുപടി നല്‍കിയതായി അബൂദബി കിരീടാവകാശി തന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ വ്യക്തമാക്കി. ചരിത്രത്തില്‍ തങ്ങളുടെ ബന്ധത്തിന് വലിയ മാനമുണ്ടെന്നും ഉഭയകക്ഷി നയതന്ത്ര സഹകരണം ഏറെ വര്‍ധിച്ചതായും ട്വിറ്ററില്‍ അദ്ദേഹം അഭിപ്രായപ്പെട്ടു.
2017ലെ റിപ്പബ്‌ളിക് ദിനത്തിന് ഇന്ത്യയുടെ പ്രിയ സുഹൃത്ത് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍ മുഖ്യാതിഥിയായി എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം വക്താവ് വികാസ് സ്വരൂപും ട്വിറ്ററില്‍ കുറിച്ചിരുന്നു.
ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്റെ സന്ദര്‍ശനം ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതല്‍ മെച്ചപ്പെടുത്തും. മാസങ്ങള്‍ക്ക് മുമ്പ് അബൂദബി കിരീടാവകാശി നടത്തിയ ഇന്ത്യാ സന്ദര്‍ശനം ഏറെ വിജയകരമായിരുന്നു. ഭീകരതക്ക് മതങ്ങളെ ഉപയോഗിച്ച് ന്യായീകരണം ചമക്കുന്നതും പിന്തുണ നല്‍കുന്നതിനെയും 2015 ആഗസ്റ്റില്‍ നരേന്ദ്രമോദിയുടെ യൂ.എ.ഇ സന്ദര്‍ശനവേളയില്‍ ഇരു രാജ്യങ്ങളും അപലപിച്ചിരുന്നു. ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ പരസ്പര സഹകരണം മെച്ചപ്പെടുത്താനും ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ ധാരണ രൂപപ്പെട്ടിരുന്നു.
യു.എ.ഇയും ഇന്ത്യയും തമ്മിലുള്ള വ്യാപാരത്തിലും ഗണ്യമായ വര്‍ധന ഉറപ്പാക്കാന്‍ സാധിച്ചു. ചൈന, അമേരിക്ക എന്നിവയെ മാറ്റി നിര്‍ത്തിയാല്‍ ഇന്ത്യക്ക് ഏറ്റവും കൂടുതല്‍ വാണിജ്യ പങ്കാളിത്തമുള്ള രാജ്യം കൂടിയാണ് യു.എ.ഇ. ഉഭയകക്ഷി ബന്ധം വികസിക്കുന്നതില്‍ യു.എ.ഇയിലുള്ള 26 ലക്ഷത്തോളം ഇന്ത്യക്കാരും ഏറെ ആഹ്‌ളാദത്തിലാണ്.