എസ്എസ്എല്‍സി; ഗള്‍ഫില്‍ 98.64 വിജയശതമാനം
യുഎഇയില്‍ പരീക്ഷ നടന്ന 9 സ്കൂളില്‍ ഏഴെണ്ണവും സമ്പൂര്‍ണ വിജയം കരസ്ഥമാക്കി
എസ്എസ്എല്‍സി പരീക്ഷയില്‍ ഗള്‍ഫിലെ സ്കൂളുകള്‍ക്ക് മികച്ച വിജയം. 98.64 ആണ് ഗള്‍ഫിലെ വിജയശതമാനം. യുഎഇയില്‍ പരീക്ഷ നടന്ന 9 സ്കൂളില്‍ ഏഴെണ്ണവും സമ്പൂര്‍ണ വിജയം കരസ്ഥമാക്കി.
ന്യൂ ഇന്ത്യന്‍ മോഡല്‍ സ്കൂള്‍ ദുബൈ, ന്യൂ ഇന്ത്യന്‍ എച്ച് എസ് എസ് റാസല്‍ഖൈമ എന്നിവക്കാണ് സമ്പൂര്‍ണ വിജയം നഷ്ടമായത്. റാസല്‍ഖൈമയില്‍ എഴ് വിദ്യാര്‍ഥികള്‍ ഉപരിപഠനത്തിന് യോഗ്യത നേടാതെ പോയപ്പോള്‍ നിംസ് ദുബൈയിലെ ഒരു വിദ്യാര്‍ഥിക്കാണ് ഉപരിപഠനയോഗ്യത നഷ്ടമായത്. ഈ വിദ്യാര്‍ഥി ഫിസിക്സ് പരീക്ഷക്ക് ഹാജരാകാതിരുന്നതാണ് കാരണം. മറ്റ് വിഷയങ്ങളില്‍ ഈ വിദ്യാര്‍ഥിക്ക് മികച്ച മാര്‍ക്കുണ്ട്. മൊത്തം 515 വിദ്യാർഥികളാണ് യു.എ.ഇയിൽനിന്ന് പരീക്ഷ എഴുതിയിരുന്നത്. ഇവരിൽ 36 പേർക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു. 48 പേര്‍ക്ക് 9 വിഷയങ്ങളിൽ എ പ്ലസുണ്ട്. നിരവധി വിദേശി വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയ ഉമ്മുല്‍ഖുവൈനില്‍ രണ്ട് സ്കൂളുകളും നൂറ് ശതമാനം വിജയം നേടി. മലയാളം നിര്‍ബന്ധമാക്കുന്നതോടെ വിദേശി വിദ്യാര്‍ഥികളുടെ ഭാവി എന്താകുമെന്ന് ആശങ്കയിലാണ് അധ്യാപകര്‍. യുഎഇയിൽ ഏറ്റവും കൂടുതൽ വിദ്യാർഥികള്‍ പരീക്ഷ എഴുതിയ മോഡൽ സ്കൂൾ അബൂദബിയിലാണ്ഏറ്റവും കൂടുതൽ എ പ്ലസുകളും ലഭിച്ചത്. ഇവിടെ പരീക്ഷയെഴുതി 141 വിദ്യാർഥികളില്‍ 24 പേർക്ക് പത്ത് വിഷയങ്ങളിലും എ പ്ലസ് നേടാനായി. 27 പേർക്ക് ഒമ്പത് വിഷയങ്ങളിലും എ പ്ലസ്ലഭിച്ചു.