യെമനിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കാൻ യുഎഇയുടെ തീരുമാനം
റെഡ്ക്രസന്റിനു പുറമെ ഖലീഫാ ബിൻ സായിദ് ആൽ നഹ്യാൻ ഫൗണ്ടേഷനും വിവിധ പദ്ധതികളാണ് യെമനിൽ പ്രഖ്യാപിച്ചിരിക്കുന്നത്
യെമനിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കാൻ യുഎഇ തീരുമാനിച്ചു. റെഡ്ക്രസന്റിനു പുറമെ ഖലീഫാ ബിൻ സായിദ് ആൽ നഹ്യാൻ ഫൗണ്ടേഷനും വിവിധ പദ്ധതികളാണ് യെമനിൽ പ്രഖ്യാപിച്ചിരിക്കുന്നത്. ആയിരങ്ങൾക്ക് ഗുണം ചെയ്യുന്നതാണ് പദ്ധതികൾ.
യെമനിലെ ചെങ്കടൽ തീരത്ത് എമിറേറ്റ്‌സ് റെഡ് ക്രെസന്റ് 55,000 ഭക്ഷ്യ പാഴ്‌സലുകളാണ് വിതരണം ചെയ്തത്. ആശുപത്രി സംവിധാനങ്ങളിലൂടെ ദുരിതബാധിതർക്കു വേണ്ട ചികിൽസാ സഹായവും ഒരുക്കുന്നുണ്ട്. യെമനിലെ ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താൻ ദുരിതാശ്വാസ ക്യാംപുകളും ഈ മേഖലയിൽ ആരംഭിച്ചു. ജീവകാരുണ്യ ദുരിതാശ്വാസ സഹായം മൊത്തം മൂന്നര ലക്ഷംപേർക്ക് ഗുണകരമായതായി ബന്ധപ്പെട്ടവർ അറിയിച്ചു.
യെമനിലെ ഏതൻ ഗവർണറേറ്റിൽ പവർ സ്റ്റേഷൻ നിർമാണ പ്രവർത്തനം ആരംഭിച്ചതായി ശൈഖ് ഖലീഫാ ബിൻ സായിദ് അൽ നഹ്യാൻ ഫൗണ്ടേഷൻ അറിയിച്ചു 100 ദശലക്ഷം യു.എസ് ഡോളർ ചെലവിട്ട് നിർമിക്കുന്ന 120 മെഗാവാട്ട് പവർ സ്റ്റേഷൻ ഊര്‍ജ്ജ കമ്മി പരിഹരിക്കുന്നതിൽ നിർണായക ചുവടുവെപ്പായിരിക്കും. ഏതനിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ ഫൗണ്ടേഷൻ പ്രതിനിധി എഞ്ചി. സഈദ് അൽ അലിയാണ് ഇതു സംബന്ധിച്ച വിവരങ്ങൾ വ്യക്തമാക്കിയത്.
യെമനിൽ റെഡ്ക്രസന്റെ മേൽനോട്ടത്തിൽ ഭവന നിർമാണ പദ്ധതികളും പുരോഗമിക്കുകയാണ്. മേഖലയിൽ നൂറോളം പുതിയ വീടുകൾ നിർമിച്ചു നൽകുകയും മോക്കാ നഗരത്തിൽ ഒട്ടേറെ വീടുകൾ പുനഃസ്ഥാപിക്കുകയും ചെയ്തതായി റെഡ്ക്രസൻറ് സാരഥികൾ അറിയിച്ചു.