ആഭ്യന്തര ഹജ്ജ് തീര്‍ഥാടകരുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ പുതിയ സംവിധാനം
അംഗീകൃത ഹജ്ജ് ഏജന്‍സികള്‍ വഴി ഓണ്‍ലൈനായി ബുക്ക് ചെയ്ത് പെര്‍മിറ്റ് ഉപയോഗിക്കാത്ത തീര്‍ഥാടകര്‍ക്ക് പണം തിരികെ ലഭിക്കാനുള്ള നടപടികള്‍ ഇതോടെ ലളിതമാവും
ആഭ്യന്തര ഹജ്ജ് തീര്‍ഥാടകരുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ പുതിയ സംവിധാനം ഏര്‍പ്പെടുത്തിയതായി സൗദി ഹജ്ജ് മന്ത്രാലയം വ്യക്തമാക്കി. ഹജ്ജ് മന്ത്രി ഡോ. മുഹമ്മദ് ബന്‍തനാണ് ഇതിന് അംഗീകാരം നല്‍കിയത്. അംഗീകൃത ഹജ്ജ് ഏജന്‍സികള്‍ വഴി ഓണ്‍ലൈനായി ബുക്ക് ചെയ്ത് പെര്‍മിറ്റ് ഉപയോഗിക്കാത്ത തീര്‍ഥാടകര്‍ക്ക് പണം തിരികെ ലഭിക്കാനുള്ള നടപടികള്‍ ഇതോടെ ലളിതമാവും.
തീര്‍ഥാടകരുടെ അവകാശ സംരക്ഷണം ഉറപ്പുവരുത്താനും അര്‍ഹരായവര്‍ക്ക് പണം തിരിച്ചുനല്‍കാനുമുള്ള നടപടികള്‍ ലളിതമാക്കുന്നതാണ് പുതിയ സംവിധാനം. ഏജന്‍സികള്‍ക്ക് അടക്കുന്ന പണത്തിന്റെ 20 ശതമാനം ഈ ആവശ്യത്തിനായി അധികൃതര്‍ തടഞ്ഞുവെക്കും. ഏജന്‍സികളുടെ അനുമതിക്ക് കാത്തുനില്‍ക്കാതെ അര്‍ഹരായവര്‍ക്ക് പണം തിരിച്ചനല്‍കാന്‍ ഇതിലൂടെ ഹജ്ജ്, ഉംറ മന്ത്രാലയത്തിന് സാധിക്കും. ദുല്‍ഖഅദ് ഒന്ന് അഥവാ ജൂലൈ 24 മുതല്‍ ആഭ്യന്തര തീര്‍ഥാടകരുടെ അപേക്ഷ ഓണ്‍ലൈന്‍ വഴി സ്വീകരിക്കുന്ന നടപടി ആരംഭിക്കുമെന്ന് ഹജ്ജ് മന്ത്രാലയം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സ്വദേശികളും വിദേശികളുമായ ആഭ്യന്തര തീര്‍ഥാടകര്‍ക്ക് ലളിതമായ നടപടികളിലൂടെ രജിസ്ട്രേഷന്‍ പൂര്‍ത്തീകരിക്കാവുന്നതാണ്. ഓണ്‍ലൈന്‍ വഴി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് പണമടക്കാന്‍ 72 മണിക്കൂര്‍ സമയത്തെ സാവകാശം ലഭിക്കും. മന്ത്രാലയം നിബന്ധന വെച്ച ബാങ്ക് ഗാരണ്ടി സമര്‍പ്പിച്ച ഏജന്‍സികള്‍ക്കാണ് ആഭ്യന്തര ഹജ്ജിന് സേവനാനുമതി ലഭിക്കുക. വിവിധ ഏജന്‍സികള്‍ വഴി 86 ദശലക്ഷം റിയാല്‍ ബാങ്ക് ഗാരണ്ടി ലഭിക്കുമെന്നാണ് മന്ത്രാലയം പ്രതീക്ഷിക്കുന്നത്. ഏജന്‍സികളുടെ ഭാഗത്തുനിന്ന് നിയമലംഘനങ്ങളോ തീര്‍ഥാടകര്‍ക്കുള്ള സേവനത്തില്‍ വീഴ്ചയോ വന്നിട്ടില്ലെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് ഈ സംഖ്യ അനുവദിക്കുക എന്നും മന്ത്രാലയം വ്യക്തമാക്കി.