ഒമാനിലെ പ്രവാസികളും പെരുന്നാൾ ആഘോഷിച്ചു
പെരുന്നാൾ നമസ്കാരത്തിനും ഖുത്തുബ ശ്രവിക്കുന്നതിനുമായി ആയിരക്കണക്കിന് വിശ്വാസികൾ ഈദുഗാഹുകളിലും മസ്ജിദുകളിലും ഒരുമിച്ചു കൂടി
ഒമാനിലെ പ്രവാസികളും ആഹ്ലാദത്തോടെ പെരുന്നാൾ ആഘോഷിച്ചു. പെരുന്നാൾ നമസ്കാരത്തിനും ഖുത്തുബ ശ്രവിക്കുന്നതിനുമായി ആയിരക്കണക്കിന് വിശ്വാസികൾ ഈദുഗാഹുകളിലും മസ്ജിദുകളിലും ഒരുമിച്ചു കൂടി.
മലയാളികളുടെ നേതൃത്വത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഈദ്ഗാഹുകളും പെരുന്നാൾ നമസ്കാരങ്ങളും ഒരുക്കിയിരുന്നു.പ്രവാസികൾ അവധി കഴിഞ്ഞ് തിരിച്ചെത്തിയതിനാൽ മലയാളി ഈദുഗാഹുകളിൽ ജന സാന്നിധ്യം കൂടുതലായിരുന്നു.ഈദുഗാഹുകളിൽ സ്ത്രീകളുടെ വൻ സാന്നിധ്യവും അനുഭവപ്പെട്ടു. ഇബ്റാഹീം നബിയുടെ ജീവിതം മുസ്ലിങ്ങൾ പിന്തുടരണമെന്ന സന്ദേശമാണ് ഇമാമുമാർ നൽകിയത്. ഗാല അൽ റുസൈഖി മൈതാനത്ത് നടന്ന ഈദ്ഗാഹിന് ഖത്തീബ് കൗൺസിൽ കേരള ചെയർമാൻ ഇ.എം മുഹമ്മദ് അമീൻ നേതൃത്വം നൽകി.
മനുഷ്യത്വത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശമാണ് പെരുന്നാൾ നൽകുന്നത്. നമസ്കാരാനന്തരം വിശ്വാസികൾ ആശംസകൾ കൈമാറിയും ഹസ്തദാനം നടത്തിയും കെട്ടി പിടിച്ചുമാണ് സ്നേഹ ബന്ധങ്ങൾ ഈട്ടിയുറപ്പിച്ചത്. ബലി പെരുന്നാളിന്റെ മുഖ്യ ഭാഗമായ മൃഗ ബലിയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്നു. ബലിക്ക് വിപുലമായ സൗകര്യങ്ങളാണ് അധികൃതർ ഒരുക്കിയത്. വിവിധ ഭാഗങ്ങളിൽ അറവു ശാലകളും മറ്റ് സൗകര്യങ്ങളും മുനിസിപ്പാലിറ്റി ഒരുക്കിയിരുന്നു.