യുഎഇയിലേക്ക് ഗാർഹിക ജോലിക്കാരുടെ റിക്രൂട്ടിങ് കൂടുതൽ മെച്ചപ്പെടുത്താൻ നടപടി ശക്തം
കൂടുതൽ രാജ്യങ്ങളുമായി ഇതുമായി ബന്ധപ്പെട്ട കരാറുകളിൽ ഒപ്പുവെക്കാൻ തീരുമാനിച്ചതായി യുഎഇ അധികൃതർ വെളിപ്പെടുത്തി
യുഎഇയിലേക്ക് ഗാർഹിക ജോലിക്കാരുടെ റിക്രൂട്ടിങ് കൂടുതൽ മെച്ചപ്പെടുത്താൻ നടപടി ശക്തം. കൂടുതൽ രാജ്യങ്ങളുമായി ഇതുമായി ബന്ധപ്പെട്ട കരാറുകളിൽ ഒപ്പുവെക്കാൻ തീരുമാനിച്ചതായി യുഎഇ അധികൃതർ വെളിപ്പെടുത്തി.
ഗാർഹിക ജോലിക്കാരുടെ റിക്രൂട്ടിങ്ങ് പ്രക്രിയയുമായി ബന്ധപ്പെട്ട് ഒട്ടേറെ പരിഷ്കരണ നടപടികളാണ് യുഎഇ സ്വീകരിച്ചു വരുന്നതെന്ന് മാനവ വിഭവ സ്വദേശിവത്കരണ മന്ത്രാലയം അസി. അണ്ടർ സെക്രട്ടറി ഡോ. ഉമർ അൽ നുഐമി അറിയിച്ചു. വീട്ടുവേലക്കാരുടെ റിക്രൂട്ടിങ്ങുമായി ബന്ധപ്പെട്ട് ഒട്ടേറെ രാജ്യങ്ങളുമായി ചർച്ച പുരോഗമിക്കുകയാണ്. കരാർ രൂപപ്പെടുന്നതോടെ തൊഴിൽ വിപണിയിൽ കാതലായ മാറ്റം ഉറപ്പാണെന്നും ബന്ധപ്പെട്ടവർ അറിയിച്ചു. യു.എ.ഇ ആവിഷ്കരിച്ച പുതിയ ഗാർഹിക തൊഴിൽ നിയമപ്രകാരം വീട്ടുവേലക്കാരുടെ സേവന വേതന വ്യവസ്ഥകളിൽ മാറ്റം വരുത്തിയിട്ടുണ്ട്. സ്വകാര്യ റിക്രൂട്ടിങ് ഏജൻസികൾക്ക് പോലും കൃത്യമായ മാനദണ്ഡം ഏർപ്പെടുത്തിയിട്ടുണ്ട്. ബാധ്യതകൾ നിർണയിച്ചതു കാരണം കൂടുതൽ രാജ്യങ്ങൾ യുഎഇയിലേക്ക് വീട്ടുവേലക്ക് തങ്ങളുടെ പൗരൻമാരെ അയക്കാൻ സന്നദ്ധരാണ്. വീട്ടുവേലക്കാരെ ആവശ്യമുള്ള നൂറുകണക്കിന് സ്വദേശി കുടുംബങ്ങളാണ് രാജ്യത്തുള്ളത്. കൃത്യമായ തൊഴിൽ പരിരക്ഷ ഉറപ്പാക്കിയാകും വീട്ടുവേലക്കാരുടെ റിക്രൂട്ടിങ് പ്രക്രിയ മുന്നോട്ടു കൊണ്ടു പോവുകയെന്നും അധികൃതർ വ്യക്തമാക്കി. മന്ത്രാലയം നേരിട്ടു തന്നെയാകും പ്രവർത്തനങ്ങൾ വിലയിരുത്തുക.