ഉപ്പേരി, ചമ്മന്തി, ലാപ് ടോപ് എടുക്കാന്‍ മറക്കല്ലേ..ട്രോളുകളായി മലയാളിയുടെ വിമാനയാത്ര
മലയാളിയുടെ വിമാനയാത്രാ സംസ്കാരമാണ് ചര്‍ച്ച. ലഗേജിന്റെ ഉള്ളടക്കം മുതല്‍ വിമാനത്തിലെ മലയാളിയുടെ പെരുമാറ്റം വരെ ട്രോളുകള്‍ക്ക് വിഷയമായി
വിമാനാപകടത്തിന്റെ ആശങ്കകള്‍ അകന്നതോടെ സാമൂഹിക മാധ്യമങ്ങളില്‍ മലയാളികളുടെ നര്‍മബോധമുണര്‍ന്നു. മലയാളിയുടെ വിമാനയാത്രാ സംസ്കാരമാണ് ചര്‍ച്ച. ലഗേജിന്റെ ഉള്ളടക്കം മുതല്‍ വിമാനത്തിലെ മലയാളിയുടെ പെരുമാറ്റം വരെ ട്രോളുകള്‍ക്ക് വിഷയമായി.
വിമാനം നിലം തൊടുന്നതിന് മുന്‍പേ ബൈല്‍റ്റ് അഴിച്ച് ഇങ്ങാന്‍ വാതില്‍ക്കലേക്ക് ഓടുന്നത് മലയാളിയുടെ ശീലമാണ്. ഈ ശീലമാണ് ദുബൈയില്‍ മലയാളി യാത്രക്കാര്‍ക്ക് രക്ഷയായത് എന്നായിരുന്നു ആദ്യ കമന്റുകള്‍. ഈ ശീലത്തെ ദുബൈ അധികൃതര്‍ ഇപ്പോള്‍ പ്രശംസിക്കുകയാണെന്ന് വരെ ട്രോളുകള്‍ പ്രചരിച്ചു. ഉപ്പേരി, ചമ്മന്തി, അച്ചാര്‍ തുടങ്ങിയ കിലോ കണക്കിന് കെട്ടികൊണ്ടുപോകുന്നതിനാല്‍ കത്തിയമര്‍ന്ന വിലപ്പെട്ട വസ്തുക്കളുടെ ലിസ്റ്റില്‍ ഇവയെല്ലാം സ്ഥാനം പിടിച്ചു. വിമാനത്തില്‍ നിന്ന് രക്ഷപ്പെടാനുള്ള ധൃതിക്കിടയില്‍ ലാപ്ടോപ്പ് എടുക്കാന്‍ മറക്കല്ലേ എന്ന് വിളിച്ചുപറയുന്ന വീഡിയോ ആയിരുന്നു പിന്നെ ട്രോളര്‍മാര്‍ക്ക് വിഷയമായത്.
വിമാനം അപകടത്തില്‍പെട്ടാല്‍ ഗോള്‍ഡന്‍ മിനിറ്റായ രണ്ട് മിനിറ്റിനുള്ളില്‍ ലഗേജ് ഉപേക്ഷിച്ച് രക്ഷപ്പെടണം എന്നാണ് സുരക്ഷാ നിര്‍ദേശം. എന്നാല്‍, ജീവന്‍ വേണോ പാസ്പോര്‍ട്ടും വിസയും ലാപ്ട്ടോപ്പും ഇല്ലാത്ത ജീവിതം വേണോ എന്നത് മലയാളിക്ക് മുന്നില്‍ ഇപ്പോഴും വലിയ ചോദ്യചിഹ്നമാണ്. ഈ വിഷയത്തില്‍ ഇപ്പോഴും ചര്‍ച്ച ചൂടുപിടിക്കുകയാണ്.