അനധികൃത അബോര്‍ഷന്‍ കേന്ദ്രങ്ങള്‍ക്ക് കടിഞ്ഞാണിടാന്‍ കുവൈത്ത്
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അനധികൃത അബോര്‍ഷന്‍ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് കുവൈത്ത് രഹസ്യാന്വേഷണ വിഭാഗവും സുരക്ഷാ വിഭാഗവും നിരീക്ഷണവും പരിശോധന ശക്തമാക്കിയിട്ടുണ്ട്.
കുവൈത്തില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന അബോര്‍ഷന്‍ കേന്ദ്രങ്ങള്‍ക്കെതിരെ കര്‍ശന നടപടിക്കൊരുങ്ങി അധികൃതര്‍. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അനധികൃത അബോര്‍ഷന്‍ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് കുവൈത്ത് രഹസ്യാന്വേഷണ വിഭാഗവും സുരക്ഷാ വിഭാഗവും നിരീക്ഷണവും പരിശോധന ശക്തമാക്കിയിട്ടുണ്ട്.
ഒരാഴ്ചക്കിടെ കുവൈത്തിന്റെ വിവിധ ഭാഗങ്ങളിൽ രണ്ട് അനധികൃത അബോര്‍ഷന്‍ കേന്ദ്രങ്ങള്‍ സുരക്ഷാ വിഭാഗം റെയ്ഡില്‍ പിടികൂടി. രണ്ടു കേന്ദ്രങ്ങളുടെയും നടത്തിപ്പുകാര്‍ പ്രവാസികളായ ഇന്ത്യക്കാരായിരുന്നു. പിടിയിലായവരില്‍ മലയാളികളും ഉള്‍പ്പെട്ടിട്ടുണ്ട്. മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന ജലീബ് അല്‍ ഷുവൈക്കിലെ അനധികൃത അബോര്‍ഷന്‍ കേന്ദ്രമാണ് കഴിഞ്ഞ ദിവസം സുരക്ഷാ വിഭാഗം റെയ്ഡില്‍ പിടികൂടി പൂട്ടിച്ചത്. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള നഴ്സുമാരാണ് അനധികൃത അബോര്‍ഷന്‍ കേന്ദ്രങ്ങളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് പിടിയിലായത്. ആഴ്ചയില്‍ ആറും ഏഴും അബോര്‍ഷന്‍ കേസുകള്‍ വരെ ഇത്തരം കേന്ദ്രങ്ങളില്‍ എത്താറുണ്ടായിരുന്നുവെന്നാണ് വിവരം. പിടിക്കപ്പെടാതെ ഇപ്പോഴും പ്രവര്‍ത്തിക്കുന്ന അനധികൃത അബോര്‍ഷന്‍ കേന്ദ്രങ്ങള്‍ നിരവധിയാണെന്ന് സൂചനയുണ്ട്.
ഒരു അബോര്‍ഷന് 300 കുവൈത്തി ദീനാര്‍ (ഏകദേശം 65000 രൂപ) ആണ് ഇവര്‍ ഈടാക്കിയിരുന്നത്. രാവിലെ വന്നാല്‍ ഉച്ചകഴിയുന്നതോടെ ക്ളിനിക്ക് വിടാം. അബോര്‍ഷനിടയിലോ ശേഷമോ സംഭവിക്കുന്ന അമിത രക്തസ്രാവം ഉള്‍പ്പെടെ പ്രത്യാഘാതങ്ങള്‍ക്ക് ക്ളിനിക്ക് ഉത്തരവാദികളാവില്ല. അത്തരം സന്ദര്‍ഭങ്ങളില്‍ മറ്റ് ആശുപത്രികളില്‍ തുടര്‍ ചികിത്സ തേടാനും കഴിയില്ല. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇങ്ങനെ ഗര്‍ഭിണിയായ ഇടുക്കി പീരുമേട് സ്വദേശിനി ഇത്തരം അനധികൃത ക്ളിനിക്കുകളിലൊന്നിനെ അഭയം പ്രാപിക്കുകയും ഒടുവില്‍ രക്തസ്രാവം അനിയന്ത്രിതമായി മരിക്കുകയും ചെയ്തിരുന്നു.