ഇന്ത്യന്‍ ഹാജിമാര്‍ മടക്കയാത്ര ആരംഭിച്ചു
കേരളത്തില്‍ നിന്നുള്ള സ്വകാര്യ ഗ്രൂപ്പുകളും മടക്ക യാത്ര ആരംഭിച്ചു.
ഇന്ത്യയില്‍ നിന്നുള്ള ഹജ്ജ് തീര്‍ഥാടകര്‍ നാടുകളിലേക്ക് മടങ്ങി തുടങ്ങി. കേരളത്തില്‍ നിന്നുള്ള സ്വകാര്യ ഗ്രൂപ്പുകളും മടക്ക യാത്ര ആരംഭിച്ചു.
ആഗസ്റ്റ് നാലിന് മദീനയില്‍ വിമാനമിറങ്ങിയ ആയിരത്തി അഞ്ഞൂറോളം തീര്‍ഥാടകരാണ് ഇന്ന് ജിദ്ദ ഹജ്ജ് ടെര്‍മിനല്‍ വഴി നാട്ടിലേക്ക് മടങ്ങുന്നത്. രാവിലെ മുതല്‍ ഇവരെ വിമാനത്താവളത്തിലെത്തിച്ചു തുടങ്ങി. ലഗേജുകള്‍ ഇന്നലെ തന്നെ താമസ സ്ഥലങ്ങളില്‍ നിന്നും അധികൃതര്‍ ശേഖരിച്ചിരുന്നു. ഹാജിമാര്‍ക്കുള്ള അഞ്ച് ലിറ്റര്‍ സംസം വെള്ളം ഇതിനകം തന്നെ നാട്ടിലെത്തിച്ചിട്ടുണ്ട്. നാട്ടിലെത്തിയാല്‍ അത് ഹാജിമാര്‍ക്ക് സംസം കൈപ്പറ്റാന്‍ സാധിക്കും. സ്വകാര്യ ഗ്രൂപ്പുകളുടെ മടക്ക യാത്രയും ആരംഭിച്ചു കഴിഞ്ഞു.
ജിദ്ദയില്‍ നിന്നും കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളിലേക്കാണ് സ്വകാര്യ ഗ്രൂപ്പിലെ ഹാജിമാരുടെ യാത്ര. ഹജ്ജിന് വളരെ നേരത്തെ മക്കിയലെത്തിയ ഇവര്‍ മദീന സന്ദര്‍ശനവും പൂര്‍ത്തിയാക്കിയിരുന്നു. വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷം ഹജ്ജ് നിര്‍വഹിക്കാനായ സന്തോഷത്തിലാണ് ഹാജിമാരുടെ മടക്കം.
സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിലെ ഹാജിമാര്‍ മദീന സന്ദര്‍ശനം പൂര്‍ത്തിയാക്കി സെപ്തംബര്‍ 29 മുതല്‍ കൊച്ചിയിലേക്ക് മടങ്ങി തുടങ്ങും.