ദമ്മാം ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളിലെ ഷിഫ്റ്റ് സമ്പ്രദായം പിന്‍വലിച്ചു
രക്ഷിതാക്കളുടെ അസൗകര്യം പരിഗണിച്ചാണ് സ്കൂള്‍ അധികൃതരുടെ തീരുമാനം
ദമ്മാം ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളിലെ ഒന്ന് രണ്ട് ക്ലാസുകളിലെ പ്രവര്‍ത്തന സമയത്തില്‍ ഏര്‍പ്പെടുത്തിയ ഷിഫ്റ്റ് സമ്പ്രദായം പിന്‍വലിച്ചു. രക്ഷിതാക്കളുടെ അസൗകര്യം പരിഗണിച്ചാണ് സ്കൂള്‍ അധികൃതരുടെ തീരുമാനം.
പുതിയ സ്‌കൂള്‍ പ്രവേശനത്തിനായി അപേക്ഷിച്ച മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും പ്രവേശനം അനുവദിക്കുന്നതിന്റെ ഭാഗമായി ഒന്ന് രണ്ട് ക്ലാസുകളില്‍ കൂടി ഷിഫ്റ്റ് ഏര്‍പ്പെടുത്തുമെന്നറിയിച്ച് കഴിഞ്ഞ ദിവസമാണ് രക്ഷിതാക്കള്‍ക്ക് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സര്‍ക്കുലര്‍ അയച്ചിരുന്നത്. നിലവില്‍ കെ.ജി ക്ലാസുകളില്‍ മാത്രമാണ് ഷിഫ്റ്റ് അനുസരിച്ച് ക്ലാസുകള്‍ നടന്നു വരുന്നത്. ഇത് ഒന്ന് രണ്ട് ക്ലാസുകളിലേക്ക് കൂടി തുടര്‍ന്നാല്‍ സ്വന്തം വാഹനങ്ങളില്‍ വിദ്യാര്‍ത്ഥികളെ സ്‌കുളിലെത്തിക്കുന്ന രക്ഷിതാക്കള്‍ക്കാണ് കൂടുതല്‍ പ്രയാസം സൃഷ്ടിക്കുക. ഇത് കാരണം പുതിയ തീരുമാനം രക്ഷിതാക്കളുടെ എതിര്‍പ്പിന് ഇടയാക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷം വരെ സ്‌കൂളിന്റെ തൊട്ടടുത്തുള്ള കെട്ടിടങ്ങളില്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന ക്ലാസുകള്‍ സൗദി വിദ്യഭ്യാസ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശപ്രകാരം നിര്‍ത്തലാക്കിയിരുന്നു. ഇത് കൂടുതല്‍ വിദ്യാര്‍ത്ഥികളെ ഉള്‍ക്കൊള്ളുന്നതിനുള്ള സ്‌കൂളിന്റെ സ്ഥല പരിമിതി വര്‍ധിപ്പിച്ചു. ഒപ്പം തൊട്ടടുത്ത് പ്രവര്‍ത്തിച്ചിരുന്ന ഒരു സ്വകാര്യ സ്‌കൂള്‍ അടച്ചു പൂട്ടിയതിനെ തുടര്‍ന്ന് അവിടെയുണ്ടായിരുന്ന വിദ്യാര്‍ത്ഥികളെ സ്‌കൂളിന് ഉള്‍കൊള്ളേണ്ടതായും വന്നു. ഇതിന്റെയെല്ലാം ഭാഗമായിട്ടായിരുന്നു ഒന്ന് രണ്ട് ക്ലാസുകളില്‍ കൂടി ഷിഫ്റ്റ് ഏര്‍പ്പെടുത്താന്‍ സ്‌കൂള്‍ അധികൃതര്‍ നിര്‍ബന്ധിതതമായത്. ഇപ്പോള്‍ ആദ്യ തീരുമാനം പിന്‍വലിച്ചതോടെ ഇതുവരെ ആശങ്കയിലായ രക്ഷിതാക്കള്‍ക്കാണ് ആശ്വാസമായത്.