ലോകം ചുറ്റി സോളാര്‍ ഇംപള്‍സ് 2 വിമാനം അബൂദബിയില്‍ തിരിച്ചെത്തി

Update: 2018-05-10 23:11 GMT
Editor : Jaisy
ലോകം ചുറ്റി സോളാര്‍ ഇംപള്‍സ് 2 വിമാനം അബൂദബിയില്‍ തിരിച്ചെത്തി
Advertising

അല്‍ ബതീന്‍ എക്സിക്യൂട്ടീവ് വിമാനത്താവളത്തില്‍ അല്‍പം മുന്‍പാണ് വിമാനം തിരിച്ചിറങ്ങിയത്

സൗരോര്‍ജം മാത്രം ഉപയോഗിച്ച് പറക്കുന്ന ആദ്യ വിമാനമായ സോളാര്‍ ഇംപള്‍സ് -2 ലോകപര്യടനം പൂര്‍ത്തിയാക്കി അബൂദബിയില്‍ തിരിച്ചെത്തി. യു എ ഇ സമയം ഇന്ന് പുലര്‍ച്ചെ നാലിനാണ് ചരിത്രയാത്ര പൂര്‍ത്തിയാക്കി വിമാനം അബൂദബിയില്‍ മടങ്ങിയെത്തിയത്. ബദല്‍ ഊര്‍ജരംഗത്തും വ്യോമയാന മേഖലയിലും വന്‍മാറ്റങ്ങള്‍ക്ക് വഴിയൊരുക്കുന്ന നേട്ടമാണിതെന്ന് വിലയിരുത്തപ്പെടുന്നു.

അബൂദബിയിലെ അല്‍ബത്തീന്‍ എക്സിക്യൂട്ടീവ് വിമാനത്താവളത്തില്‍ ചരിത്ര നിമിഷത്തിന് സാക്ഷിയാകാന്‍ നിരവധിപേര്‍ എത്തിയിരുന്നു. കഴിഞ്ഞവര്‍ഷം മാര്‍ച്ചില്‍ അബൂദബിയില്‍ നിന്നാണ് സോളാര്‍ ഇംപള്‍സ് 2 ലോകപര്യടനത്തിനായി പറന്നുയര്‍ന്നത്. സൗരോര്‍ജമല്ലാതെ ഒരു തുള്ളിപോലും ഇന്ധനം ഉപയോഗിക്കുന്നില്ല എന്നതാണ് ഈ വിമാനത്തിന്റെ പ്രത്യേകത. 16 ഘട്ടങ്ങളിലായി 500 മണിക്കൂര്‍ സമയമെടുത്താണ് 40,000 കിലോമീറ്റര്‍ നീണ്ട ലോകപര്യടനം വിമാനം അവസാനിപ്പിച്ചത്.

സ്വിറ്റ്സര്‍ലന്റ് സ്വദേശികളായ പൈലറ്റ് ബ്രെറ്റ്റാന്‍ഡ് പിക്കാര്‍ഡ്, സഹ പൈലറ്റ് ആന്‍ഡ്രേ ബോര്‍സ് ബെര്‍ഗ് എന്നിവര്‍ ഈ ലോകപര്യടനത്തില്‍ ഒമ്പതാമത്തെ റെക്കോര്‍ഡ് കൂടി സ്ഥാപിച്ചു. അബൂദബിയിലെ ബദല്‍ ഊര്‍ജ ഗവേഷണ സ്ഥാപനമായ മസ്ദാറിന്റെ പിന്തുണയോടെയാണ് സോളാര്‍ ഇംപള്‍സ് 2 വികസിപ്പിച്ചത്. പാരമ്പര്യേതര ഊര്‍ജരംഗത്തും വ്യോമയാനരംഗത്തും വന്‍ മാറ്റങ്ങള്‍ക്ക് വഴിമരുന്നിടുന്നതാണ് സോളാര്‍ ഇംപള്‍സിന്റെ യാത്രാവിജയമെന്ന് മസ്ദാര്‍ വക്താവ് അഭിപ്രായപ്പെട്ടു.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News