മക്കയിൽ നിന്നും മദീനയിലേക്കുള്ള ഇന്ത്യന്‍ ഹാജിമാരുടെ യാത്ര അവസാനിച്ചു
ആയിരത്തോളം വരുന്ന ഹാജിമാരുടെ അവസാന സംഘമാണ് ഇന്നലെ മദീനയിലേക്കു തിരിച്ചത്
മക്കയിൽ നിന്നും മദീനയിലേക്കുള്ള ഇന്ത്യന്‍ ഹാജിമാരുടെ യാത്ര അവസാനിച്ചു. ആയിരത്തോളം വരുന്ന ഹാജിമാരുടെ അവസാന സംഘമാണ് ഇന്നലെ മദീനയിലേക്കു തിരിച്ചത്. ഈ മാസം പതിനാറോടെ ഇന്ത്യയിൽ നിന്നുള്ള മുഴുവൻ ഹാജിമാരും നാട്ടിലേക്ക് മടങ്ങും.
ആയിരത്തി ഒരുന്നൂറ്റി ഇരുപത്തി അഞ്ചു പേരുടെ സംഘമാണ് ഇന്നലെ മക്കയിൽ നിന്നും മദീനയിലേക്ക് യാത്ര തിരിച്ചത്. ഇരുപത്തി നാല് ബസുകളിലായാണ് ഇവരെ മദീനയിലേക്ക് എത്തിക്കുന്നത്. ഇതോടെ മക്കയിൽ നിന്നും മദീനയിലേക്കുള്ള ഇന്ത്യൻ ഹാജിമാരുടെ യാത്ര അവസാനിച്ചു. എട്ട് ദിവസമാണ് ഹാജിമാര്‍ മദീനയില്‍ താമസിക്കുക. കേരളത്തില്‍ നിന്നുള്ള മുഴുവന്‍ ഹാജിമാരും കഴിഞ്ഞ ചൊവ്വാഴ്ചയോടെ മദീനയിലെത്തിയിട്ടുണ്ട്. ജിദ്ദ വിമാനത്താവളം വഴി ഹജ്ജിനെത്തിയ തീർഥാടകരാണ് മദീന വഴി നാട്ടിലേക്ക് മടങ്ങുന്നത്. ഈ മാസം പതിനാറിന് മദീനയിൽ നിന്നുള്ള അവസാന ഹജ്ജ് വിമാനവും പറന്നുയരുന്നതോടെ ഇന്ത്യയിൽ നിന്നുള്ള മുഴുവൻ ഹാജിമാരും നാടണിയും. ഇരുപത് ഹാജിമാർ മക്കയിലെ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ഇവരിൽ പതിനാലു പേരുടെ നില ഗുരുതരമാണെന്ന് മക്ക ഇന്ത്യൻ ഹജ്ജ് മിഷൻ അധികൃതർ അറിയിച്ചു. അസുഖം ഭേദപ്പെടുന്നതിനനുസരിച്ചു ജിദ്ദ വഴി ഇവരെ നാട്ടിലെത്തിക്കും.
നേരത്തെ മദീന സന്ദർശനം പൂർത്തിയാക്കിയ ഹാജിമാരിൽ മക്കയിൽ അവശേഷിച്ച ഇരുന്നൂറ്റി എഴുപത് പേരുടെ മടക്കയാത്ര ജിദ്ദ വിമാനത്താവളം വഴി ഞായറാഴ്ചയോടെ അവസാനിക്കും. ബീഹാറിലെ ഗയ വിമാനത്താവളത്തിലേക്കാണ് ജിദ്ദയിൽ നിന്നുള്ള അവസാന ഹജ്ജ് വിമാനം. തൊണ്ണൂറ്റി ഒന്പതിനായിരത്തി തൊള്ളായിരത്തി നാല് പേരാണ് ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ ഈ വർഷം ഹജ്ജിനെത്തിയത്. ഇവരിൽ എഴുപത്തി ഒന്നായിരത്തോളം ഹാജിമാർ ഇതിനോടകം നാട്ടിലേക്ക് മടങ്ങി. സ്വകാര്യ ഗ്രൂപ്പിൽ എത്തിയ പതിനെട്ടു പേരുൾപ്പെടെ നൂറ്റി നാൽപ്പത്തി എട്ടു പേർ പുണ്യഭൂമിയിൽ വെച്ച് മരിക്കുകയും ചെയ്തു.