ഖത്തര്‍ അമീറിന് ജനതയുടെ പിന്തുണ
സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായി ടെലഫോണ്‍ സംഭാഷണത്തിന് തയ്യാറായ ഖത്തര്‍ അമീറിന്റെ നീക്കത്തിന് രാജ്യത്തെ ജനങ്ങളുടെ പൂര്‍ണപിന്തുണയാണ് ലഭിച്ചത്
ജിസിസി കൂട്ടായ്മ തകരാതെ നിലനിര്‍ത്തുന്നതിന് മുഖ്യ പരിഗണന നല്‍കിയാണ് ഖത്തര്‍ ഒരുമിച്ചിരുന്നുള്ള ചര്‍ച്ചകളിലൂടെ ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കണമെന്ന ആവശ്യവുമായി മുന്നോട്ടു പോകുന്നത് . സങ്കീര്‍ണ്ണമായ സാഹചര്യത്തിലും സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായി ടെലഫോണ്‍ സംഭാഷണത്തിന് തയ്യാറായ ഖത്തര്‍ അമീറിന്റെ നീക്കത്തിന് രാജ്യത്തെ ജനങ്ങളുടെ പൂര്‍ണപിന്തുണയാണ് ലഭിച്ചത് . മധ്യസ്ഥ നീക്കങ്ങളുമായെത്തിയ കുവൈത്തിനെയും തുര്‍ക്കിയെയും ഖത്തറിലെ മാധ്യമങ്ങളും പ്രശംസിച്ചു.
ഖത്തറിനെതിരെ എല്ലാ നിലക്കും ഏര്‍പ്പെടുത്തിയ ഉപരോധം 3 മാസം പിന്നിട്ട സാഹചര്യത്തില്‍ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി , സൗദി കിരീടാവകാശിയുമായി സംസാരിക്കാന്‍ സന്നദ്ധമായതിലൂടെ പ്രശ്ന പരിഹാരത്തിന് തങ്ങള്‍ എതിരല്ല എന്ന മുന്‍ നിലപാട് തന്നെയാണ് ആവര്‍ത്തിച്ചത്. തങ്ങളുടെ പരമാധികാരം അടിയറ വയ്ക്കാതെയുള്ള ചര്‍ച്ചകള്‍ക്ക് ഖത്തര്‍ ഒരുക്കമാണെന്ന സന്ദേശം സൗദി അറേബ്യയെ ഔദ്യോഗികമായി അറിയിക്കുകയായിരുന്നു . ഉപരോധത്തിന്റെ ആദ്യനാളുകളില്‍ തന്നെ ഖത്തര്‍ വ്യകത്മാക്കിയ പ്രകാരം ജി സി സി ഐക്യം തകരാതെ നിലനിര്‍ത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ നീക്കങ്ങളും വിലിരുത്തപ്പെടുന്നത്. കുവൈത്ത് അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന്റെ അമേരിക്കൻ സന്ദർശനമാണ് ഗൾഫ് പ്രതിസന്ധി പരിഹാര ശ്രമങ്ങൾക്ക് പുതജീവൻ നൽകിയത്. പ്രശ്നപരിഹാരത്തിനായി ശ്രമങ്ങള്‍ തുടരുന്ന കുവൈറ്റിനെയും തുര്‍ക്കിയെയും ഖത്തറിലെ മാധ്യമങ്ങളും പ്രശംസിച്ചു .
വ്യാഴാഴ്ച അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി അദ്ദേഹം നടത്തിയ കൂടിക്കാഴ്ചയിൽ മേഖലയിലെ നിലവിലെ പ്രതിസന്ധി വിശദമായി ചർച്ച ചെയ്തിരുന്നു. കുവൈത്ത് നടത്തിവരുന്ന മധ്യസ്ഥ ശ്രമത്തിന്റെ നാൾ വഴികൾ അമീർ അമേരിക്കൻ പ്രസിഡന്റിനെ ധരിപ്പിച്ചു. ഖത്തറിനെതിരെ സൈനിക നടപടിക്ക് വരെ സാധ്യത ഉണ്ടായിരുന്നൂവെന്ന കുവൈത്ത് അമീറിന്റെ പ്രസ്താവനയും ഖത്തർ സ്വീകരിച്ച നിലപാടും പ്രശ്നം കൂടുതൽ സങ്കീർണതയിലേക്ക് എത്താതിരിക്കാൻ സഹായിച്ചതായി ശൈഖ് സ്വബാഹ് വ്യക്തമാകി. കുവൈത്ത് നടത്തുന്ന മധ്യസ്ഥ ശ്രമങ്ങൾക്ക് ഖത്തർ പ്രഖ്യാപിച്ച പൂർണ പിന്തുണ പ്രതിസന്ധി ശക്തി പ്രാപിക്കുന്നതിൽ നിന്ന് തടയാൻ സാധിച്ചതായി വിലയിരുത്തപ്പെട്ടു. കുവൈത്ത് അമീറുമായുള്ള കൂടിക്കാഴ്ചക്ക് പിന്നാലെ ട്രംപ് സൗദി, യു.എ.ഇ, ഖത്തർ ഭരണാധികാരികളെ ഫോണിൽ വിളിക്കുകയായിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഖത്തർ അമീർ ശൈഖ് തമീം ഹമദ് ബിൻ ആൽഥാനിയും സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും ഫോൺ സംഭാഷണം നടത്തിയത്.