മാസങ്ങളായി ശമ്പളമില്ല; മലയാളികളടക്കമുള്ള ജീവനക്കാര്‍ ദുബൈയിലെ ലേബര്‍ക്യാമ്പില്‍ ദുരിതത്തില്‍
മലയാളി ഉടമസ്ഥനായ പ്രമുഖ ബേക്കറി-റെസ്റ്റോറന്റ് ശൃംഖലയിലെ തൊഴിലാളികളാണിവര്‍
മാസങ്ങളായി ശമ്പളമില്ലാതെ 60 മലയാളികളടക്കം എണ്‍പതിലേറെ ജീവനക്കാര്‍ ദുബൈയിലെ ലേബര്‍ക്യാമ്പില്‍ ദുരിത ജീവിതം നയിക്കുന്നു. മലയാളി ഉടമസ്ഥനായ പ്രമുഖ ബേക്കറി-റെസ്റ്റോറന്റ് ശൃംഖലയിലെ തൊഴിലാളികളാണിവര്‍. ശമ്പളം നിഷേധിച്ചതിന് പുറമെ ഇവരുടെ വിസ പുതുക്കാത്തതിനാല്‍ നാട്ടില്‍പോകാന്‍ ഈ തൊഴിലാളികള്‍ ഇനി വന്‍തുക പിഴ അടക്കേണ്ടിയും വരും.
തൃശൂര്‍ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള പ്രമുഖ റെസ്റ്റോറന്റ് ബേക്കറി ശൃംഖലയില്‍ രണ്ട് പതിറ്റാണ്ടിലേറെ ജോലി ചെയ്തവരാണ് ഇവരില്‍ പലരും. ഒരു വര്‍ഷത്തിലേറെ ശമ്പളം മുടങ്ങിയവരും വന്‍തുകയുടെ ഗ്രാറ്റുവിറ്റി ആനുകൂല്യം ലഭിക്കേണ്ടവരും ഇക്കൂട്ടത്തിലുണ്ട്. വിസ കാലാവധിയുള്ള നിരവധി ജീവനക്കാര്‍ നാട്ടിലേക്ക് പോയി. വിസയും രേഖയുമില്ലാത്ത 80 ലധികം പേരാണ് ദുബൈയില്‍ ദുരിതത്തില്‍ കഴിയുന്നത്.
രണ്ട് ബേക്കറിയും 26 റെസ്റ്റോറന്റ് ശാഖകളും അടങ്ങുന്ന വലിയ ഗ്രൂപ്പിന്റെ പല ശാഖകളും ഇപ്പോള്‍ പ്രവര്‍ത്തനരഹിതമാണ്. ഒന്നരവര്‍ഷമായി സ്ഥാപന ഉടമ എവിടെയാണെന്ന് അറിയില്ലെന്നും തൊഴിലാളികള്‍ പറയുന്നു. പരാതിയുമായി ഇന്ത്യന്‍ കോണ്‍സുലേറ്റിനെയും ലേബര്‍ വകുപ്പിനെയും ഇവര്‍ സമീപിച്ചിട്ടുണ്ട്. പക്ഷെ, അനുകൂല തീരുമാനമുണ്ടായിട്ടില്ല. പിസിഎഫിന്റെ സാമൂഹികപ്രവര്‍ത്തകരാണ് ഇവര്‍ക്ക് നിയമസഹായമെത്തിച്ചത്. ജീവനക്കാര്‍ താമസിക്കുന്ന ലേബര്‍ ക്യാമ്പിന്റെ വാടകയും കാലങ്ങളായി മുടങ്ങിയതിനാല്‍ ക്യാമ്പ് ഒഴിഞ്ഞു കൊടുക്കണമെന്ന് ആവശ്യപ്പെട്ട് കോടതി നോട്ടീസ് പതിച്ചുകഴിഞ്ഞു. ലേബര്‍ ക്യാമ്പിന്റെ വാടക നല്‍കാത്തതിനാല്‍ അടുത്തദിവസം ഈ തൊഴിലാളികള്‍ക്ക് പെരുവഴിയില്‍ ഇറങ്ങേണ്ടി വരും.