യമന്‍ സമാധാന ചര്‍ച്ച മുടങ്ങി; പിന്നോട്ടില്ലെന്ന് കുവൈത്ത്

Update: 2018-05-12 05:42 GMT
Editor : admin
യമന്‍ സമാധാന ചര്‍ച്ച മുടങ്ങി; പിന്നോട്ടില്ലെന്ന് കുവൈത്ത്
Advertising

യമനില്‍ സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങളില്‍ നിന്ന് പിന്മാറരുതെന്ന് അമീര്‍ പ്രതിനിധികളോട് അഭ്യര്‍ത്ഥിച്ചു.

കുവൈത്തില്‍ നടന്നുവന്ന യമന്‍ സമാധാന ചര്‍ച്ച മൂന്നാമതും മുടങ്ങിയ സാഹചര്യത്തില്‍ അമീര്‍ ശൈഖ് സബാഹ് അല്‍അഹ്മദ് അല്‍ജാബിര്‍ അസ്സബാഹ് ഐക്യരാഷ്ട്രസഭ പ്രത്യേക ദൂതന്‍ ഇസ്മാഈല്‍ വലദുശൈഖ് അഹ്മദുമായും സര്‍ക്കാര്‍, ഹൂതി വിഭാഗം പ്രതിനിധികളുമായും കൂടിക്കാഴ്ച നടത്തി. യമനില്‍ സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങളില്‍ നിന്ന് പിന്മാറരുതെന്ന് അമീര്‍ പ്രതിനിധികളോട് അഭ്യര്‍ത്ഥിച്ചു.

യമന്‍ വിദേശമന്ത്രിയും സര്‍ക്കാര്‍ വിഭാഗം പ്രതിനിധിയുമായ അബ്ദുല്‍ മലിക് അല്‍മിഖ്‌ലഫി, ഹൂതി വിഭാഗമായ അന്‍സാറുല്ലയുടെ പ്രതിനിധി മുഹമ്മദ് ഫലതാഹ്, പീപ്പിള്‍സ് കോണ്‍ഗ്രസ് പ്രതിനിധി ആരിഫ് അല്‍സൂഖ എന്നിവരുമായാണ് അമീര്‍ കൂടിക്കാഴ്ച നടത്തിയത്. ബയാന്‍ പാലസില്‍ നടന്ന കൂടിക്കാഴ്ചയില്‍ വിദേശമന്ത്രി ശൈഖ് സബാഹ് അല്‍ഖാലിദ് അല്‍ഹമദ് അസ്സബാഹും സംബന്ധിച്ചു. അഭിപ്രായ വ്യത്യാസങ്ങള്‍ മാറ്റിവെച്ച് യമനിലെ ജനങ്ങളുടെ സമാധാനത്തിനായി ചര്‍ച്ചാമേശയിലേക്ക് തിരിച്ചുവരണമെന്ന് അമീര്‍ വിവിധ വിഭാഗങ്ങളോട് അഭ്യര്‍ഥിച്ചു.

ഹൂതി വിഭാഗത്തിനെതിരെ ആരോപണങ്ങളുന്നയിച്ച് സര്‍ക്കാര്‍ വിഭാഗം ചര്‍ച്ചയില്‍നിന്ന് പിന്മാറിയതോടെയാണ് കഴിഞ്ഞദിവസം ചര്‍ച്ച മൂന്നാമതും തടസ്സപ്പെട്ടത്. 2104 മുതല്‍ പിടിച്ചെടുത്ത പ്രദേശങ്ങളില്‍നിന്ന് ഹൂതി വിഭാഗം പിന്മാറണമെന്നും ആയുധങ്ങള്‍ അടിയറവെക്കണമെന്നും ആവശ്യപ്പെട്ട സര്‍ക്കാര്‍ വിഭാഗം ഐക്യരാഷ്ട്രസഭ രക്ഷാസിമിതിയും ഗള്‍ഫ് ഇനീഷ്യേറ്റീവും അംഗീകരിക്കുന്ന ഈ നിബന്ധനകള്‍ അംഗീകരിക്കുമെന്ന് ഹൂതി വിഭാഗം രേഖാമൂലം അറിയിച്ചാലല്ലാതെ ഇനി ചര്‍ച്ചക്കില്ലെന്നും വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞമാസം 21ന് തുടങ്ങിയ ചര്‍ച്ച മൂന്നാം തവണയാണ് തടസ്സപ്പെടുന്നത്. ആദ്യം സൗദി നേതൃത്വത്തിലുള്ള സഖ്യസേന വെടിനിര്‍ത്തല്‍ ലംഘിച്ചതായി ആരോപിച്ച് ഹൂതി വിഭാഗവും പിന്നീട് ഹൂതി വിഭാഗം വെടിനിര്‍ത്തല്‍ ലംഘിച്ചു എന്നാരോപിച്ച് സര്‍ക്കാര്‍ വിഭാഗം ചര്‍ച്ചയില്‍നിന്ന് പിന്മാറിയിരുന്നു. തുടര്‍ന്ന് ഐക്യരാഷ്ട്രസഭയുടെയും ജി.സി.സിയുടെയും കുവൈത്തിന്റെയും മധ്യസ്ഥശ്രമങ്ങളുടെ ഫലമായി മൂന്നു ദിവസത്തെ ഇടവേളക്കുശേഷമാണ് പിന്നീട് ഇരുവിഭാഗങ്ങളും ചാര്‍ച്ചക്ക് സന്നദ്ധമായത്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News