അബൂദബി ചൈല്‍ഡ് പ്രോസിക്യൂഷന്‍ വിഭാഗം തുടങ്ങുന്നു
കുട്ടികള്‍ ഉള്‍പ്പെട്ട കേസുകള്‍ കൈകാര്യം ചെയ്യുന്നതിന് ഫാമിലി പ്രോസിക്യൂഷന്റെ കീഴിലാണ് ചൈല്‍ഡ് പ്രോസിക്യൂഷന്‍ വിഭാഗം തുടങ്ങുന്നത്.
അബൂദബി സര്‍ക്കാര്‍ ചൈല്‍ഡ് പ്രോസിക്യൂഷന്‍ വിഭാഗം തുടങ്ങുന്നു. കുട്ടികള്‍ ഉള്‍പ്പെട്ട കേസുകള്‍ കൈകാര്യം ചെയ്യുന്നതിന് ഫാമിലി പ്രോസിക്യൂഷന്റെ കീഴിലാണ് ചൈല്‍ഡ് പ്രോസിക്യൂഷന്‍ വിഭാഗം തുടങ്ങുന്നത്. കുട്ടികളുടെയും കൗമാരക്കാരുടെയും സംരക്ഷണം ലക്ഷ്യമാക്കി അബൂദബി ജൂഡീഷ്യല്‍ ഡിപ്പാര്‍ട്ട്മെന്റ് ചൈല്‍ഡ് പ്രോസിക്യുഷന്‍ രൂപവത്കരിക്കുന്നു. 12 അധ്യായങ്ങളുള്ള കുട്ടികളുടെ സംരക്ഷണ നിയമം 18 വയസ്സില്‍ താഴെയുള്ളവരുടെ അവകാശങ്ങള്‍ ഉറപ്പുവരുത്തുന്നതാണ്. കുട്ടികളെ അവഗണിക്കല്‍, അപകടപ്പെടുത്തല്‍, പീഡിപ്പിക്കല്‍ തുടങ്ങിയ സംഭവങ്ങളെല്ലാം റിപ്പോര്‍ട്ട് ചെയ്യല്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഇത്തരം സംഭവങ്ങള്‍ അധികൃതരെ അറിയിക്കാതിരിക്കല്‍ കുറ്റകരവുമാണ്. ജനനം മുതല്‍ 18 വയസ്സ് തികയുന്നത് വരെ കുട്ടികള്‍ക്ക് പരമാവധി സംരക്ഷണം ഉറപ്പുവരുത്തുകയാണ് ലക്ഷ്യമെന്ന് അബൂദബി അറ്റോര്‍ണി ജനറല്‍ അലി മുഹമ്മദ് അല്‍ ബലൂഷി പറഞ്ഞു. ശരിയായും കാര്യക്ഷമമായും നിയമം നടപ്പാക്കുന്നതിലൂടെ ഇത് ഉറപ്പുവരുത്തും. കുട്ടികളുടെ അവകാശങ്ങള്‍ ഉറപ്പുവരുത്തുന്നതിന് ആധുനിക സമീപനം പ്രോസിക്യൂഷന്‍ കൈക്കൊള്ളും. കുട്ടികള്‍ ഇരകളാകുന്നതും പ്രതികളാകുന്നതുമായ സംഭവങ്ങളുടെ പ്രതികളുടെ ഡാറ്റാബേസ് തയാറാക്കും. ഇതുവഴി കാര്യക്ഷമമായ രീതിയില്‍ ബോധവത്കരണം നടത്താന്‍ സാധിക്കും. കുട്ടികള്‍ക്ക് ശാരീരികമായും മാനസികമായും ധാര്‍മികമായും സംരക്ഷണം ഒരുക്കാനും സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.