റീ-എന്‍ട്രി വിസക്ക് പുതുക്കിയ നിരക്ക്; വിശദാംശങ്ങള്‍ ഒരാഴ്ചക്കകം പുറത്തുവിടും
പുതിയ ഹിജ്റ വര്‍ഷം മുതലാണ് പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ വരിക
സൗദി മന്ത്രിയുടെ അംഗീകാരത്തോടെ റീ-എന്‍ട്രി വിസക്ക് ഏര്‍പ്പെടുത്തുന്ന പുതുക്കിയ നിരക്കിനെക്കുറിച്ച വിശദാംശങ്ങള്‍ ഒരാഴ്ചക്കകം പുറത്തുവിടുമെന്ന് പാസ്പോര്‍ട്ട് വിഭാഗം (ജവാസാത്ത്) വ്യക്തമാക്കി. ജവാസാത്തിന്റെ ഇലക്ട്രോണിക് സംവിധാനത്തില്‍ ആവശ്യമായ മാറ്റം വരുത്തുമെന്ന് സൗദി ജവാസാത്ത് മേധാവി ബ്രിഗേഡിയര്‍ ജനറല്‍ സുലൈമാന്‍ അല്‍യഹ്യ പറഞ്ഞു. പുതിയ ഹിജ്റ വര്‍ഷം മുതലാണ് പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ വരിക.
റീ-എന്‍ട്രി, മള്‍ട്ടിപ്പിള്‍ റീ-എന്‍ട്രി എന്നിവക്ക് യഥാക്രമം നിലവിലുള്ള 200, 500 റിയാല്‍ എന്നീ നിരക്കില്‍ മാറ്റമില്ലെങ്കിലും കാലാവധി രണ്ടും മൂന്നും മാസമായി പരിമിതപ്പെടുത്തുകയാണ് ചെയ്തിട്ടുള്ളത്. കൂടാതെ ട്രാന്‍സിറ്റ് യാത്രക്കാര്‍ക്ക് 300 റിയാല്‍, കപ്പല്‍ തുറമുഖം വഴി യാത്ര ചെയ്യുന്നവര്‍ക്ക് 50 റിയാല്‍ എന്നിങ്ങിനെ ഫീസും നിശ്ചയിച്ചിട്ടുണ്ട്. റീ-എന്‍ട്രി കാലാവധി പരിമിതപ്പെടുത്തുന്നതിനത്തെുടര്ന്നുള്ള വര്‍ധന തൊഴിലാളികള്‍ക്ക് മാത്രമാണോ അതല്ല അവരുടെ ആശ്രിതര്‍ക്ക് ബാധകമാണോ എന്നത് വ്യക്തമല്ല. സ്വദേശത്ത് പഠനത്തിനും ദീര്‍ഘ അവധിക്കും പോകുന്നവരുടെ കുടുംബനാഥന്മാര്ക്ക് വന്‍ സാമ്പത്തിക ബാധ്യത വരുത്തിവയ്ക്കുന്ന വിഷയത്തില്‍ അടുത്ത ദിവസം വിശദീകരണം ലഭിക്കുമെന്നാണ് സൗദിയിലെ പ്രവാസി സമൂഹം പ്രതീക്ഷിക്കുന്നത്. കൂടാതെ അവധിക്ക് പോയ ശേഷം റീ-എന്‍ട്രി നീട്ടേണ്ടിവന്നാലുണ്ടാവുന്ന സാഹചര്യത്തില്‍ അടക്കേണ്ട ഫീസിനെക്കുറിച്ചും മന്ത്രിസഭ വിജ്ഞാപനത്തില്‍ പരാമര്‍ശമില്ല. ആഭ്യന്തര മന്ത്രാലയത്തിന്റെ 'അബ്ഷിര്‍' സംവിധാനം ബാങ്ക് എക്കൗണ്ടില്‍ നിന്ന് ഓണ്‍ലൈന്‍ വഴി പണമടക്കാനുള്ള 'സദാദ്' സംവിധാനം എന്നിവയും ആവശ്യമായ പരിഷ്കാരം നടത്തേണ്ടതായിട്ടുണ്ട്.