അഭയാര്‍ഥി സംരക്ഷണത്തിന് സൗദി 75 ദശലക്ഷം ഡോളര്‍ നല്‍കും
യുഎന്‍ ജനറല്‍ അസംബ്ലിയില്‍ പങ്കെടു ക്കാന്‍ന്യൂയോര്‍ക്കിലെത്തിയ കിരീടവകാശി അമീര്‍ മുഹമ്മദ് ബിന്‍ നാഇഫാണ് സഹായ ധനം പ്രഖ്യാപിച്ചത്
അഭയാര്‍ഥികളുടെ സംരക്ഷണത്തിന് സൗദി അറേബ്യ 75 ദശലക്ഷം ഡോളര്‍ നല്‍കും. യുഎന്‍ ജനറല്‍ അസംബ്ലിയില്‍ പങ്കെടു ക്കാന്‍ന്യൂയോര്‍ക്കിലെത്തിയ കിരീടവകാശി അമീര്‍ മുഹമ്മദ് ബിന്‍ നാഇഫാണ് സഹായ ധനം പ്രഖ്യാപിച്ചത്. കിരീടാവകാശിയും സംഘവും അന്താരാഷ്ട്ര നിലവാരത്തിലുള്ള വിവിധ ഉച്ചകോടികളില്‍ പങ്കെടുത്തതായി സൌദി പ്രസ് ഏജന്‍സി അറിയിച്ചു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള അഭയാര്‍ഥികളുടെ വിഷയം ചര്‍ച്ച ചെയ്യാന്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ വിളിച്ചു ചേര്‍ത്ത ഉച്ചകോടിയില്‍ അമീര്‍ മുഹമ്മദ് ബിന്‍ നായിഫ് പങ്കെടുത്തു. 75 ദശലക്ഷം ഡോളറിന്റെ ധന സഹായമാണ് സല്‍മാന്‍ രാജാവിന്റെ നിര്‍ദേശപ്രകാരം അഭയാര്‍ഥികള്‍ക്കായി അദ്ദേഹം പ്രഖ്യാപിച്ചത്. ഫലസ്തീന്‍ അഭയാര്‍ഥികള്‍ക്ക് വേണ്ടിയുള്ള യു.എന്‍ ഫണ്ടിലേക്ക് ഫെബ്രുവരിയില്‍ സൗദി അറേബ്യ 59 ദശലക്ഷം ഡോളര്‍ സംഭാവന ചെയ്തിരുന്നു. കൂടാതെ പാകിസ്താനില്‍ അഭയാര്‍ഥികളായി കഴിയുന്ന അഫ്ഗാന്‍ പൗരന്മാര്‍ക്ക് വേണ്ടി 30 ദശലക്ഷം ഡോളര്‍, റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ക്ക് ഇന്തോനേഷ്യക്ക് 50 ദശലക്ഷം ഡോളര്‍ എന്നീ സംഭാവനകളും സൗദി നടപ്പു വര്‍ഷത്തില്‍ നല്‍കുകയുണ്ടായി. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രയാസമനുഭവിക്കുന്ന ജനങ്ങള്‍ക്ക് സഹായമത്തെിക്കുന്ന സൗദി മുന്‍നിരയിലാണെന്നും അമീര്‍ മുഹമ്മദ് ബിന്‍ നായിഫ് തന്റെ പ്രസംഗത്തില്‍ പറഞ്ഞു. സിറിയ, യമന്‍ എന്നീ രാജ്യങ്ങളിലെ അഭയാര്‍ഥികള്‍ക്ക് സഹായമത്തെിക്കുന്നതിന് പുറമെ ലക്ഷക്കണക്കിന് അഭയാര്‍ഥികള്‍ക്ക് ആശ്രയവും സൗദി നല്‍കുകയുണ്ടായി. പ്രശ്നബാധിത പ്രദേശങ്ങളിലേക്ക് സഹായമെത്തിക്കാനായി സല്‍മാന്‍ രാജാവിന്റെ പേരില്‍ പ്രത്യേക ചാരിറ്റി സംരംഭത്തിന് തുടക്കം കുറച്ചതും കിരീടാവകാശി പരാമര്‍ശിച്ചു. അമേരിക്കന്‍ പ്രസിഡന്റ് സംഘടിപ്പിച്ച അത്താഴവിരുന്നിലും കിരീടാവകാശി സംബന്ധിച്ചു. ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ ബാന്‍കീമൂണുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി.