സൗദി സ്കൂള്‍ സമയത്തില്‍ മാറ്റം വരുത്താനൊരുങ്ങുന്നു

Update: 2018-05-14 00:19 GMT
Editor : admin
സൗദി സ്കൂള്‍ സമയത്തില്‍ മാറ്റം വരുത്താനൊരുങ്ങുന്നു
Advertising

സൗദിയിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാനുള്ള ശ്രമങ്ങളുടെ ഭാഗമായി സ്കൂള്‍ സമയത്തില്‍ മാറ്റംവരുത്താന്‍ ആലോചിക്കുന്നു.

സൗദിയിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാനുള്ള ശ്രമങ്ങളുടെ ഭാഗമായി സ്കൂള്‍ സമയത്തില്‍ മാറ്റംവരുത്താന്‍ ആലോചിക്കുന്നു. സമയമാറ്റത്തെക്കുറിച്ച് പഠിക്കാന്‍ മന്ത്രിസഭ വിദ്യാഭ്യാസ മന്ത്രാലയത്തെ ചുമതലപ്പെടുത്തി. സൗദി റയില്‍വെ അതോറിറ്റി പിരിച്ചുവിട്ട് ഗതാഗത മന്ത്രാലയത്തിന് കീഴിലെ പൊതുഗതാഗത വകുപ്പില്‍ ലയിപ്പിക്കാനും മന്ത്രിസഭ തീരുമാനിച്ചു.

ആണ്‍ കുട്ടികളുടെയും പെണ്‍കുട്ടികളുടെയും പ്രാഥമിക തലം മുതല്‍ സെക്കന്ററി വരെയുള്ള വിദ്യാലയങ്ങളുടെ സമയമാറ്റത്തെക്കുറിച്ചാണ് വിദ്യാഭ്യാസ മന്ത്രാലയം റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടത്. വിദ്യാര്‍ഥികളുടെ ഗതാഗത സൗകര്യത്തില്‍ പരിഷ്കരണങ്ങള്‍ നടത്താനും മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്. സാമ്പത്തിക, വികസന സമിതിയുടെ ശിപാര്‍ശയനുസരിച്ചാണ് പരിഷ്കരണങ്ങള്‍ നടത്താന്‍ മന്ത്രിസഭ തീരുമാനിച്ചതെന്ന് സാംസ്കാരിക, വാര്‍ത്താവിനിമയ മന്ത്രി ഡോ. ആദില്‍ അത്തുറൈഫ് വ്യക്തമാക്കി.

രാവിലെ 6.30ന് ആരംഭിച്ച് ഉച്ചക്ക് ഒരു മണിക്ക് അവസാനിക്കുന്ന തരത്തില്‍ സ്കൂള്‍ സമയം ക്രമീകരിക്കാനാണ് നീക്കം. ആഭ്യന്തരം, വിദ്യാഭ്യാസം, തൊഴില്‍, തദ്ദേശഭരണം തുടങ്ങിയ മന്ത്രാലയങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ അടങ്ങിയ സമിതിയാണ് വിവിധ വിഷയത്തില്‍ പഠനം നടത്തുക. ഗതാഗത മേഖലയിലെ സ്വദേശിവത്കരണത്തെക്കുറിച്ച് തൊഴില്‍ മന്ത്രാലയം ഉറപ്പുവരുത്തും. വിദ്യാഭ്യാസ മന്ത്രാലയമാണ് സ്കൂള്‍ സമയമാറ്റത്തെക്കുറിച്ച് പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുക. വ്യോമ ഗതാഗതം ഒഴിച്ചുള്ള ദേശീയ, അന്തര്‍ദേശീയ യാത്ര, ചരക്ക് ഗതാഗതം എന്നിവ പൊതു ഗതാഗത വകുപ്പിന് കീഴിലാക്കാനും മന്ത്രിസഭ തീരുമാനിച്ചു. സല്‍മാന്‍ രാജാവിന്റെ അദ്ധ്യക്ഷതയില്‍ അല്‍യമാമ കൊട്ടാരത്തില്‍ ചേര്‍ന്ന മന്ത്രിസഭ യോഗമാണ് നിര്‍ദ്ദേശം നല്‍കിയത്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News