ഗൾഫിൽ വാറ്റിനുള്ള മുന്നൊരുക്കം തകൃതി
എല്ലാ ഉൽപന്നങ്ങളും സേവനങ്ങളും വാറ്റിൽ ഉൾപ്പെടുത്തിയിട്ടില്ല. വാറ്റിന്‍റെ പ്രതിഫലനം ഉപഭോക്താക്കളിൽ പരമാവധി കുറക്കുന്നതിനായി നിരവധി ഉൽപന്നങ്ങളെയും സേവനങ്ങളെയുമാണ് ഒഴിവാക്കിയിരിക്കിയിരിക്കുന്നത്
ജി.സി.സി രാജ്യങ്ങളിൽ മൂല്യവർധിത നികുതി പ്രാബല്യത്തിലാകുന്നതോടെ 5,000ത്തിലധികം പേർക്ക് തൊഴിൽ ലഭിക്കും. ധനകാര്യ അക്കൗണ്ടിങ് തസ്തികകളിലായിരിക്കും ജോലി ലഭിക്കുക. നികുതി നിയമ വിദഗ്ധനും സി.പി.എ ആസ്ട്രേലിയയിലെ പോളിസി മേധാവിയുമായ പോൾ ഡ്രം ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
പുതുതായി ലഭ്യമാകുന്ന ജോലി അവസരത്തിൽ കൂടുതലും സ്വദേശികൾക്കാവും ലഭിക്കുക. അഞ്ച് ശതമാനം നികുതിയാണ് യു.എ.ഇ ഇൗടാക്കുക. ലോകതലത്തിലെ നികുതി നിരക്കുമായി താരതമ്യം ചെയ്യുമ്പോൾ ഇത് വളരെ കുറവാണ്. 19 ശതമാനമാണ് ആഗോളാടിസ്ഥാനത്തിലെ ശരാശരി നികുതി നിരക്കെന്ന് വിദഗ്ധർ വ്യക്തമാക്കി.
എല്ലാ ഉൽപന്നങ്ങളും സേവനങ്ങളും വാറ്റിൽ ഉൾപ്പെടുത്തിയിട്ടില്ല. വാറ്റിന്‍റെ പ്രതിഫലനം ഉപഭോക്താക്കളിൽ പരമാവധി കുറക്കുന്നതിനായി നിരവധി ഉൽപന്നങ്ങളെയും സേവനങ്ങളെയുമാണ് ഒഴിവാക്കിയിരിക്കിയിരിക്കുന്നത്. ഇലക്ട്രോണിക്സ് ഉപകണങ്ങൾ, സ്മാർട്ട് ഫോണുകൾ, കാറുകൾ, ആഭരണങ്ങൾ, ചില തരം പാനീയങ്ങൾ, ധനകാര്യ അക്കൗണ്ടിങ് സേവനങ്ങൾ, നിയമ സേവനങ്ങൾ, വിനോദ സംവിധാനങ്ങൾ എന്നിവ നികുതി ഇൗടാക്കുന്നവയിൽ ഉൾപ്പെടുന്നു. എന്നാൽ, നൂറോളം ഭക്ഷ്യപദാർഥങ്ങളും അടിസ്ഥാന ആരോഗ്യ സേവനങ്ങളും പൊതു ഗതാഗതവും പൊതു വിദ്യാഭ്യാസവും വാറ്റിൽനിന്ന് മാറ്റിനിർത്തിയതാണ്.
നികുതി ബാധകമായ ഉൽപന്നങ്ങളോ സേവനങ്ങളോ ലഭ്യമാക്കുന്ന, 375,000 ദിർഹത്തിന് മുകളിൽ വാർഷിക വരുമാനമുള്ള സ്ഥാപനങ്ങൾ നിർബന്ധമായും വാറ്റ് രജിസ്ട്രേഷൻ ചെയ്യണം. ഇതിന് ഇടയിൽ വരുമാനമുള്ള സ്ഥാപനങ്ങൾക്കും വേണമെങ്കിൽ രജിസ്റ്റർ ചെയ്യാം. ഒന്നര കോടി ദിർഹത്തിൽ കൂടുതൽ വാർഷിക വരുമാനമുള്ള ബിസിനസ് സംരംഭങ്ങൾ ഒക്ടോബർ 31ന് മുമ്പും ഒരു കോടി ദിർഹത്തിന് മുകളിലുള്ള സംരംഭങ്ങൾ നവംബർ 30ന് മുമ്പും രജിസ്റ്റർ ചെയ്യാൻ എഫ്.ടി.എ നിർദേശിച്ചിട്ടുണ്ട്. 2018 ജനുവരി ഒന്ന് മുതലാണ് യു.എ.ഇയിൽ വാറ്റ് പ്രാബല്യത്തിലാകുന്നത്.