മിതമായ നിരക്കില്‍ ക്രൂഡ് ഓയില്‍ നല്‍കണമെന്ന് സൌദിയോട് ഇന്ത്യ
വിവിധ ചര്‍ച്ചകള്‍ക്കായി ഇന്ത്യയിലെത്തിയ സൌദി എണ്ണ മന്ത്രി ഖാലിദ് അല്‍ ഫാലിഹിനോടാണ് പെട്രോളിയം മന്ത്രി ഈ ആവശ്യമുന്നയിച്ചത്
മിതമായ നിരക്കില്‍ ക്രൂഡ് ഓയില്‍ നല്‍കണമെന്ന് സൌദി അറേബ്യയോട് ഇന്ത്യ ആവശ്യപ്പെട്ടു. വിവിധ ചര്‍ച്ചകള്‍ക്കായി ഇന്ത്യയിലെത്തിയ സൌദി എണ്ണ മന്ത്രി ഖാലിദ് അല്‍ ഫാലിഹിനോടാണ് പെട്രോളിയം മന്ത്രി ഈ ആവശ്യമുന്നയിച്ചത്. ഇന്ത്യയിലെ എണ്ണ സംഭരണ കേന്ദ്രത്തിന്റെ നിര്‍മാണത്തിന് പങ്കാളിത്തം വഹിക്കാന്‍ അരാംകോയെ ഇന്ത്യ ക്ഷണിച്ചു.
കഴിഞ്ഞ ദിവസമാണ് സൌദി എണ്ണ മന്ത്രി ഖാലിദ് അല്‍ ഫാലിഹ് ഇന്ത്യയിലെത്തിയത്. പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാനുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. 60 ലക്ഷം ടണ്‍ സംഭരണ ശേഷിയുള്ള കൂറ്റന്‍ സംഭരണ കേന്ദ്രങ്ങള്‍ നിര്‍മിക്കാനൊരുങ്ങുകയാണ് ഇന്ത്യ. എണ്ണ ഭീമന്‍ സൌദി അരാംകോയെ ഇന്ത്യ നിര്‍മാണ പങ്കാളിത്തത്തിന് ക്ഷണിച്ചു.
ഇരു കൂട്ടര്‍ക്കും ഗുണമാകുന്ന രീതിയില്‍ എണ്ണ മിതമായ നിരക്കില്‍ നല്‍കണമെന്നും സൌദിയോട് ഇന്ത്യ അഭ്യര്‍ഥിച്ചു. ആന്ധ്രാ പ്രദേശിലെ കാക്കിനാഡയില്‍ നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന ഓയില്‍ റിഫൈനറി, പെട്രോ കെമിക്കല്‍ പദ്ധതി എന്നിവയിലെ നിക്ഷേപ സാധ്യതകളും ഇരു രാജ്യങ്ങളുടേയും ചര്‍ച്ചയില്‍ വന്നു. പദ്ധതിയില്‍ സൌദി താല്‍പര്യം പ്രകടിപ്പിച്ചതായാണ് റിപ്പോര്‍ട്ട്. ഇന്ത്യ എറ്റവുമധികം എണ്ണ ഇറക്കിയത് സൌദിയില്‍ നിന്നായിരുന്നു. കഴിഞ്ഞ വര്‍ഷത്തോടെ ഇറാഖാണ് ഏറ്റവുമധികം എണ്ണ ഇന്ത്യക്ക് നല്കുന്നത്.