കുവൈത്തിൽ ഏതാനുംപേരുടെ പൗരത്വം അസാധുവാക്കിയ നടപടി പുനഃപരിശോധിക്കാൻ സാധ്യതയെന്ന് റിപ്പോർട്ട്
പാർലിമെന്റ് അംഗങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയിൽ അമീർ ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ സബാഹു പൗരത്വം പുനഃസ്ഥാപിക്കുന്നതു സംബന്ധിച്ച ഉറപ്പു നൽകിയതായാണ് സൂചന
കുവൈത്തിൽ ഏതാനുംപേരുടെ പൗരത്വം അസാധുവാക്കിയ നടപടി പുനഃപരിശോധിക്കാൻ സാധ്യതയെന്ന് റിപ്പോർട്ട്. പാർലിമെന്റ് അംഗങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയിൽ അമീർ ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ സബാഹു പൗരത്വം പുനഃസ്ഥാപിക്കുന്നതു സംബന്ധിച്ച ഉറപ്പു നൽകിയതായാണ് സൂചന. പൗരത്വ പ്രശ്‌നം പരിഹരിക്കുന്നതിനായി പ്രധാനമന്ത്രിയെയും പാർലിമെന്റ് സ്പീക്കറെയും അമീർ ചുമതലപ്പെടുത്തിയതായും റിപ്പോർട്ടുകളുണ്ട് .
സർക്കാർ വിരുദ്ധ നിലപാടുകളുടെ പേരിൽ മുൻ പാർലിമെന്റ് അംഗങ്ങൾ ഉൾപ്പെടെ പൗരത്വം കുവൈത്ത് റദ്ദു ചെയ്തിരുന്നു. ഇസ്‌ലാമിസ്റ്റ് നേതാവ് സാദ് അൽ അജ്മി , അൽ യൗം ചാനൽ ഉടമ അഹമ്മദ് അൽ ഷമ്മിരി , ഇസ്‌ലാമിക പണ്ഡിതൻ നബീൽ അൽ അവാദി. മുൻപാർലിമെന്റംഗം അബ്ദുള്ള അൽ ബർഗാഷ് എന്നിവർ മൂന്നു വര്‍ഷം മുൻപ് പൗരത്വം നഷ്ടപ്പെട്ടവരിൽ ഉൾപ്പെടുന്നു .
പൗരത്വവിഷയം സർക്കാരിനെതിരെ ആയുധമാക്കാനുള്ള നീക്കം പ്രതിപക്ഷ ചേരിയിൽ സജീവമാണ്. പൗരത്വം പുനഃസ്ഥാപിക്കണമെന്നതടക്കമുള്ള കരട് നിര്‍ദേശങ്ങളോട് സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിച്ചില്ലെങ്കില്‍ പ്രധാനമന്ത്രി ശൈഖ് ജാബിര്‍ അല്‍ മുബാറക് അല്‍ ഹമദ് അസ്സബാഹിനെതിരെ കുറ്റവിചാരണ കൊണ്ടുവരാനാണ് പ്രതിപക്ഷനീക്കം .ഇതിനിടെ പതിനാലു എംപിമാരടങ്ങുന്ന സംഘം അമീർ ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ കണ്ടു പൗരത്വ വിഷയത്തിൽ പുനരാലോചന ഉണ്ടാകണമെന്ന് അഭ്യർത്ഥിച്ചിരുന്നു .
പൗരത്വം പുനഃസ്ഥാപിക്കാമെന്നു അമീർ ഉറപ്പു നൽകിയതായി കൂടിക്കാഴ്ചയിൽ പങ്കെടുത്ത മുഹമ്മദ് അൽ ദല്ലാൽ എംപി പിന്നീട് ട്വിറ്ററിലൂടെ അറിയിച്ചു .അതിനിടെ പൗരത്വവിഷയത്തിൽ തുടർനടപടികൾ കൈക്കൊള്ളുന്നതിനായി പ്രധാനമന്ത്രി ഷെയ്ഖ് ജാബിർ , പാർലിമെന്റ് സ്പീക്കർ മർസൂഖ് അൽഗാനിം എന്നിവരെ അമീർ ചുമതലപ്പെടുത്തിയതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.