മോദിയുടെ യു.എ.ഇ, ഒമാൻ സന്ദർശനം ഫെബ്രുവരി രണ്ടാം വാരം നടക്കും
രണ്ടിടങ്ങളിലും വിപുലമായ സ്വീകരണ പരിപാടികളാണ് പ്രധാനമന്ത്രിക്കു വേണ്ടി ഒരുക്കുന്നത്
ഗൾഫ്-ഇന്ത്യ ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യു.എ.ഇ, ഒമാൻ സന്ദർശനം ഫെബ്രുവരി രണ്ടാം വാരം നടക്കും. രണ്ടിടങ്ങളിലും വിപുലമായ സ്വീകരണ പരിപാടികളാണ് പ്രധാനമന്ത്രിക്കു വേണ്ടി ഒരുക്കുന്നത്.
ഇതു രണ്ടാം തവണയാണ് പ്രധാനമന്ത്രി മോദി യു.എ.ഇയിൽ എത്തുന്നത്. ഫെബ്രുവരി പത്തിന് അബൂദബിയിൽ നടക്കുന്ന സർക്കാർ ഉച്ചകോടിയിൽ മോദി സംബന്ധിക്കും. യു.എ.ഇ നേതാക്കളുമായി അന്നേദിവസം വിശദമായ ചർച്ച നടക്കും. നേരത്തെ യു.എ.ഇ പ്രഖ്യാപിച്ച ക്ഷേത്രത്തിന്റെ തറക്കല്ലിടൽ കർമം ഫെബ്രുവരി 11ന് നടക്കും. അബൂദബി, ദുബൈ അതിർത്തിയായ ഗൻതൂത്തിലാണ് കൂറ്റൻ ക്ഷേത്രം നിർമിക്കുക. ഒമാൻ തലസ്ഥാനമായ മസ്കത്തിൽ ഫെബ്രുവരി 12ന് എത്തിച്ചേരുന്ന പ്രധാനമന്ത്രി ഇന്ത്യക്കാരുമായി പ്രത്യേകം സംവദിക്കും. ഇസ്രായേലുമായുള്ള അടുപ്പം ഇന്ത്യയുടെ ഗൾഫ് താൽപര്യങ്ങൾക്ക് എതിരല്ലെന്ന് ബോധ്യപ്പെടുത്താനായിരിക്കും സന്ദർശനവേളയിൽ പ്രധാനമന്ത്രി മുതിരുകയെന്നാണ് സൂചന.
2015 ആഗസ്ത് 16നാണ് നേരത്തെ നരേന്ദ്ര മോദി യു.എ.ഇ സന്ദർശിച്ചത്. വൻ സ്വീകരണമായിരുന്നു അന്നു ലഭിച്ചത്. തുടർന്ന് അബൂദബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ രണ്ടു തവണ ഇന്ത്യ സന്ദർശിച്ചത് ഉഭയകക്ഷി ബന്ധം അരക്കിട്ടുറപ്പിക്കാൻ സഹായകമായി.