ഖത്തർ പ്രതിസന്​ധി അഞ്ചാം മാസത്തിലേക്ക്; മധ്യസ്​ഥനീക്കത്തിൽ പുരോഗതിയില്ല

Update: 2018-05-16 14:14 GMT
Editor : Jaisy
ഖത്തർ പ്രതിസന്​ധി അഞ്ചാം മാസത്തിലേക്ക്; മധ്യസ്​ഥനീക്കത്തിൽ പുരോഗതിയില്ല
Advertising

ഖത്തറുമായുള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിക്കാൻ സൗദി അറേബ്യ, യുഎഇ, ബഹ്റൈൻ, ഈജിപ്ത്​ രാജ്യങ്ങൾ തീരുമാനിച്ചത്​ ജൂൺ അഞ്ചിന്​

ഖത്തറിനെതിരെ സൗദി അറേബ്യ ഉൾപ്പെടെ നാല്​ രാജ്യങ്ങൾ ഏർപ്പെടുത്തിയ വിലക്ക്​ അഞ്ചാം മാസത്തിലേക്ക്​. മേഖലയിലെ നിഷ്പക്ഷ രാജ്യങ്ങളും അമേരിക്ക ഉൾപ്പെടെ വൻശക്തി രാജ്യങ്ങളും നടത്തിയ മധ്യസ്ഥ നീക്കങ്ങൾ പരാജയപ്പെട്ട സാഹചര്യത്തിൽ പ്രതിസന്ധി ഇനിയും അനിശ്ചിതമായി നീളാൻ തന്നെയാണ്​ സാധ്യത.

Full View

ഖത്തറുമായുള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിക്കാൻ സൗദി അറേബ്യ, യുഎഇ, ബഹ്റൈൻ, ഈജിപ്ത്​ രാജ്യങ്ങൾ തീരുമാനിച്ചത്​ ജൂൺ അഞ്ചിന്​. മൂന്ന്​ വ്യാഴവട്ടം പിന്നിട്ട ഗൾഫ്​ സഹകരണ കൗൺസിൽ കൂട്ടായ്മയെ സംബന്​ധിച്ചിടത്തോളം കനത്ത പ്രതിസന്ധി തന്നെയാണ്​ ഇതിലൂടെ രൂപപ്പെട്ടത്​. എത്രയും പെട്ടെന്നു തന്നെ പ്രതിസന്ധി തീരുമെന്നായിരുന്നു തുടക്കത്തിലെ പ്രതീക്ഷ. എന്നാൽ തീവ്രവാദ വിഷയത്തിൽ വ്യക്​തമായ ഉറപ്പ്​ നൽകണമെന്ന സൗദി അനുകൂല രാജ്യങ്ങളുടെ കടുംപിടിത്തം അംഗീകരിക്കാൻ തയ്യാറല്ലെന്ന്​ ഖത്തർ വ്യക്​തമാക്കിയതോടെ മധ്യസ്​ഥനീക്കം വഴിമുട്ടി. കുവൈത്ത്​ അമീർ ഇരുപക്ഷവുമായി പലവട്ടം ചർച്ച നടത്തിയെങ്കിലും കാര്യമുണ്ടായില്ല. യു.എസ്​ പ്രസിഡന്റ്​ ഡൊണാൾഡ്​ ട്രംപിന്റെ നിർദേശപ്രകാരം യു.എസ്​ സ്റ്റേറ്റ്​ സെക്രട്ടറി രണ്ടുവട്ടം സൗദിയിലും ഖത്തറിലുമെത്തി നേതാക്കളെ കണ്ടെങ്കിലും ഫലം ഉണ്ടായില്ല. തുർക്കി, ഇറാൻ രാജ്യങ്ങളുമായി കൂടുതൽ അടുത്ത ബന്ധം രൂപപ്പെടുത്തി പ്രതിസന്ധി മറികടക്കാൻ ആയിരുന്നു ഖത്തറിന്റെ നീക്കം. ഒരു ബില്യൻ ഡോളറിന്റെ ആയുധ കരാർ അമേരിക്കയുമായി പോയ വാരം രൂപപ്പെടുത്താൻ സാധിച്ചതും വലിയ വിജയമായി ഖത്തർ വിലയിരുത്തുന്നു. ഖത്തർ പ്രശ്നം തങ്ങളുടെ മുഖ്യ പരിഗണനയിൽ പോലും വരുന്നില്ലെന്നാണ്​ സൗദി നേതൃത്വം വ്യക്തമാക്കുന്നത്​.

സിസംബറിൽ കുവൈത്തിൽ നടക്കേണ്ട ജി.സി.സി ഉച്ചകോടിയും അനിശ്​ചിതത്വത്തിലാണ്​. ഖത്തർ പങ്കെടുക്കുന്ന ഉച്ചകോടി തങ്ങൾ ബഹിഷ്കരിക്കുമെന്ന്​ ബഹ്റൈൻ പ്രഖ്യാപിച്ചതോടെ പ്രതിസന്ധി കൂടുതൽ തീവ്രമാവുകയാണ്​. ജി.സി.സി കൂട്ടായ്​മയുടെ സംയുക്ത സംരംഭങ്ങളും കടുത്ത പ്രതിസന്ധിയിലാണ്​.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News