പ്രതിസന്ധിയില്‍ പരിഹാരം കാണേണ്ടത് ഖത്തറാണെന്ന് സൌദി വിദേശകാര്യ മന്ത്രി
യു എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടരസ്സുമായി നടത്തിയ ചര്‍ച്ചക്ക് ശേഷമായിരുന്നു പ്രതികരണം
ഖത്തറുമായി ബന്ധപ്പെട്ട പ്രശ്നത്തില്‍ ഇനി പരിഹാരം കാണേണ്ടത് ഖത്തറാണെന്ന് സൌദി വിദേശകാര്യ മന്ത്രി ആദില്‍ അല്‍ ജുബൈര്‍. യു എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടരസ്സുമായി നടത്തിയ ചര്‍ച്ചക്ക് ശേഷമായിരുന്നു പ്രതികരണം. അമേരിക്കന്‍ വിദേശ കാര്യ സെക്രട്ടറിയുമായും ആദില്‍ അല്‍ ജുബൈര്‍ ചര്‍ച്ച നടത്തി. ഐക്യരാഷ്ട്ര സഭാ ജനറല്‍ അസംബ്ലിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു സൌദി വിദേശ കാര്യമന്ത്രി.
സമ്മേളനത്തിലേക്കുള്ള സൌദി പ്രതിനിധിയായാണ് ആദില്‍ അല്‍ ജുബൈര്‍ ന്യൂയോര്‍ക്കിലെത്തിയത്. ഇതിന് മുന്നോടിയായിട്ടായിരുന്നു ചര്‍ച്ച. ഖത്തറുമായുള്ള പ്രശ്നത്തില്‍ ഐക്യരാഷ്ട്ര സഭക്ക് ഒന്നും ചെയ്യാനില്ലെന്നും സൌദി വിദേശ കാര്യ മന്ത്രി പറഞ്ഞു. പ്രശ്ന പരിഹാരത്തിന് ഇനി ശ്രമിക്കേണ്ടത് ദോഹയാണ്. അവരുടെ കയ്യിലാണിനി കാര്യങ്ങളെന്നും കൂടിക്കാഴ്ചക്ക് ശേഷം ആദില്‍ അല്‍ ജുബൈര്‍ പറഞ്ഞു. യമന്‍, സിറിയ, ഇറാഖ്, മ്യാന്മര്‍ പ്രതിസന്ധികളും ഇരുവരുടെയും ചര്‍ച്ചയില്‍ വന്നു. അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്സണുമായും വാഷിങ്ടണില്‍ കൂടിക്കാഴ്ചയുണ്ടായി.
ദേശീയ അന്തര്‍ദേശീയ വിഷയങ്ങള്‍ ഈ കൂടിക്കാഴ്ചയിലും ചര്‍ച്ചയായി. അമേരിക്കയിലെ സൌദി അംബാസിഡര്‍ ഖാലിദ് ബിന്‍ സല്‍മാനും ഇരു ചര്‍ച്ചകളിലും വിദേശകാര്യ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.