ഖത്തറിലെ മുഴുവന്‍ ഡ്രൈവിങ് സ്കൂളുകളിലും ഏകീകൃത കരാര്‍ നടപ്പാക്കാന്‍ നിര്‍ദ്ദേശം
സാമ്പത്തിക വാണിജ്യ മന്ത്രാലയവും ആഭ്യന്തര മന്ത്രാലയവുമാണ് ഇതുസംബന്ധിച്ച് നിര്‍ദേശം നല്‍കിയിരിക്കുന്നത്
ഖത്തറിലെ മുഴുവന്‍ ഡ്രൈവിങ് സ്കൂളുകളിലും ഏകീകൃത കരാര്‍ നടപ്പാക്കാന്‍ കര്‍ശന നിര്‍ദേശം. സാമ്പത്തിക വാണിജ്യ മന്ത്രാലയവും ആഭ്യന്തര മന്ത്രാലയവുമാണ് ഇതുസംബന്ധിച്ച് നിര്‍ദേശം നല്‍കിയിരിക്കുന്നത്. കരാര്‍ സംബന്ധിച്ച് വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങളും മന്ത്രാലയങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ഡ്രൈവിംഗ് പഠനത്തിനെത്തുന്നവരില്‍ നിന്ന് അധിക ഫീസ് ഈടാക്കുന്ന സകൂളുകള്‍ അടച്ചു പൂട്ടും.
ഡ്രൈവിംഗ് സ്‌കൂളുകളില്‍ പരിശീലനത്തിനെത്തുവര്‍ സാമ്പത്തികമായി ചൂഷണം ചെയ്യപ്പെടുന്നത് ഒഴിവാക്കാനാവശ്യമായ നിര്‍ദ്ധേശങ്ങളാണ് ഖത്തര്‍ ആഭ്യന്തര മവന്ത്രാലയവും സാമ്പത്തിക വാണിജ്യ മന്ത്രാലയവും പുറപ്പെടുവിച്ചത് . പുതിയ ഏകീകൃത കരാറില്‍ പറഞ്ഞിരിക്കുന്ന ഫീസിനേക്കാള്‍ കൂടുതല്‍ തുക ഈടാക്കുന്ന സ്കൂളുകളെ നിരോധിക്കും. നിലവില്‍ ഒമ്പത് ഡ്രൈവിങ് സ്കൂളുകളാണ് രാജ്യത്തുള്ളത്. ഇവയില്‍ ഒട്ടുമിക്ക സ്കൂളുകളും ഏകീകൃത കരാര്‍ പ്രാവര്‍ത്തികമാക്കാനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങി.
കരാറില്‍ പറയുന്ന കാര്യങ്ങള്‍ ലംഘിക്കപ്പെട്ടാല്‍ ട്രെയിനിക്ക് സ്കൂള്‍ ഭരണനിര്‍വഹണ ഓഫീസില്‍ പരാതി നല്‍കാം. ഓഫീസില്‍ നിന്നും വേണ്ട നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ പരാതിയുമായി ആഭ്യന്തര മന്ത്രാലയത്തിലെ ഗതാഗത ജനറല്‍ ഡയറക്ടറേറ്റ്, കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ ആന്‍ഡ് കൊമേഴ്സ്യല്‍ ഫ്രോഡ് വകുപ്പ് എന്നിവരെ സമീപിക്കാം. ഡ്രൈവിംഗ് പഠനത്തിനെത്തുന്നയാള്‍ തെരഞ്ഞെടുക്കുന്ന ഭാഷയില്‍ പ്രാവീണ്യമുള്ള പരിശീലകന്റെ ലഭ്യത നിര്‍ബന്ധമായും ഉറപ്പാക്കണം. പരിശീലനം നല്‍കുന്നയാള്‍ പുരുഷനാണെങ്കില്‍ വനിതാ ട്രെയിനിക്ക് പരിശീലനത്തിനിടയില്‍ രക്ഷകര്‍ത്താവിനെ ഒപ്പം കൂട്ടാം. എന്നാല്‍ രക്ഷകര്‍ത്താവ് ട്രെയിനിയുടെ ജോലിക്കിടയില്‍ ഇടപെടാന്‍ പാടില്ല. ട്രെയിനി പണമായി വേണം ഫീസ് നല്‍കാന്‍. രാജ്യത്തെ ചില ഡ്രൈവിങ് സ്കൂളുകള്‍ ഡ്രൈവിങ് പഠിക്കുന്നവരുടെ അവകാശം ലംഘിച്ചതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഏകീകൃത കരാറിന് നിര്‍ദേശം.