ദുബൈയിൽ ഈ വർഷം രജിസ്റ്റർ ചെയ്തത് 12,142 ഇന്ത്യൻ കമ്പനികൾ

ഇമാറാത്തി ഇതര കമ്പനികളിൽ ഒന്നാമതാണ് ഇന്ത്യയിൽ നിന്നുള്ള നിക്ഷേപം. പാകിസ്താനിൽ നിന്നുള്ള നിക്ഷേപകരാണ് രണ്ടാം സ്ഥാനത്ത്

Update: 2024-12-24 16:02 GMT
Advertising

ദുബൈ: ദുബൈയിൽ സ്ഥാപനങ്ങൾ ആരംഭിക്കുന്ന ഇന്ത്യൻ നിക്ഷേപകരുടെ എണ്ണത്തിൽ വൻ കുതിപ്പ്. ഈ വർഷം ആദ്യ ഒമ്പതു മാസം, 12,142 ഇന്ത്യൻ കമ്പനികളാണ് ദുബൈയിൽ രജിസ്റ്റർ ചെയ്തത്. ഈ വർഷം സെപ്തംബർ വരെയായി രജിസ്റ്റർ ചെയ്ത ഇന്ത്യൻ കമ്പനികളുടെ കണക്ക് ദുബൈ ചേംബർ ഓഫ് കൊമേഴ്‌സാണ് പുറത്തുവിട്ടത്. രജിസ്റ്റർ ചെയ്ത ഇമാറാത്തി ഇതര കമ്പനികളിൽ ഒന്നാമതാണ് ഇന്ത്യയിൽ നിന്നുള്ള നിക്ഷേപം. ഇന്ത്യൻ സംരംഭകർക്കും നിക്ഷേപകർക്കും ദുബൈയിൽ പണമിറക്കുന്നതിനുള്ള താത്പര്യം പ്രകടമാക്കുന്നതാണ് കണക്കുകൾ.

പാകിസ്താനിൽ നിന്നുള്ള നിക്ഷേപകരാണ് രണ്ടാം സ്ഥാനത്ത്. പാകിസ്താനിൽ നിന്ന്, ഇന്ത്യയുടേതിനേക്കാൾ പകുതി കമ്പനികൾ മാത്രമാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. 6061 സ്ഥാപനങ്ങൾ. ഈജിപ്താണ് മൂന്നാം സ്ഥാനത്ത്, രജിസ്റ്റർ ചെയ്തത് 3611 കമ്പനികൾ.

സിറിയയിൽ നിന്ന് 2,062 കമ്പനികളും യുകെയിൽ നിന്ന് 1,886 സ്ഥാപനങ്ങളും ഈ വർഷം പ്രവർത്തനമാരംഭിച്ചു. ബംഗ്ലാദേശ്, ഇറാഖ്, ചൈന, ജോർദാൻ, സുഡാൻ രാഷ്ട്രങ്ങളിലെ നിക്ഷേപകരാണ് ബാക്കിയുള്ള സ്ഥാനങ്ങളിലുള്ളത്. ഇവിടങ്ങളിൽ നിന്നെല്ലാം ആയിരത്തിലേറെ കമ്പനികൾ ചേംബർ ഓഫ് കൊമേഴ്‌സിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

വ്യാപാര സേവന മേഖലയിലെ സ്ഥാപനങ്ങളാണ് ഈ വർഷം ഏറ്റവും കൂടുതൽ പ്രവർത്തനമാരംഭിച്ചത്. ആകെ രജിസ്റ്റർ ചെയ്ത കമ്പനികളിൽ 41.5 ശതമാനവും ഈ മേഖലയിലാണ്. റിയൽ എസ്റ്റേറ്റ്, റെന്റ്, ബിസിനസ് സർവീസ് സർവീസ് മേഖലയാണ് രണ്ടാം സ്ഥാനത്ത്, 33.3 ശതമാനം. നിർമാണ മേഖല, ഗതാഗതം, വ്യക്തിഗത സേവനം തുടങ്ങിയ മേഖലകളിലും കമ്പനികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News