അല്‍ജദ്ധാഫ് ജല ഗതാഗത സ്റ്റേഷന്‍ തുറന്നു
ആര്‍.ടി.എ ഡയറക്ടര്‍ ജനറലും ചെയര്‍മാനുമായ മതാര്‍ അല്‍ തായിറാണ് അല്‍ജദ്ദാഫ് ജലഗതാഗത സ്റ്റേഷന്‍ യാത്രക്കാര്‍ക്ക് തുറന്നുകൊടുത്തത്.
ദുബൈ ക്രീക്കിലെ അല്‍ജദ്ദാഫില്‍ നിര്‍മിച്ച ജല ഗതാഗത സ്റ്റേഷന്‍ യാത്രക്കാര്‍ക്ക് തുറന്നു കൊടുത്തു. ജദ്ദാഫില്‍ നിന്ന് ദുബൈ ഫെസ്റ്റിവല്‍ സിറ്റിയിലേക്ക് എയര്‍കണ്ടീഷന്‍ സൗകര്യമുള്ള പുതിയ അബ്ര സര്‍വീസിനും തുടക്കമായി. ആര്‍.ടി.എ ഡയറക്ടര്‍ ജനറലും ചെയര്‍മാനുമായ മതാര്‍ അല്‍ തായിറാണ് അല്‍ജദ്ദാഫ് ജലഗതാഗത സ്റ്റേഷന്‍ യാത്രക്കാര്‍ക്ക് തുറന്നുകൊടുത്തത്. ക്രീക്ക് മെട്രോ സ്റ്റേഷനും ബസ് സ്റ്റേഷനും സമീപമാണ് ജദ്ദാഫ് ജല ഗതാഗത സ്റ്റേഷനെന്നത് യാത്രക്കാര്‍ക്ക് ഏറെ ഉപകാരപ്പെടും. ദുബൈ ജല ഗതാഗത ശൃംഖലയിലെ പ്രധാന സ്റ്റേഷനായി ജദ്ദാഫ് മാറുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ഫെറി, വാട്ടര്‍ബസ്, വാട്ടര്‍ ടാക്സി, പരമ്പരാഗത അബ്ര, എയര്‍കണ്ടീഷന്‍ഡ് അബ്ര തുടങ്ങിയവയെല്ലാം സ്റ്റേഷന്‍ കേന്ദ്രീകരിച്ച് സര്‍വീസ് നടത്തും. മെട്രോ, ബസ് സ്റ്റേഷനുകളില്‍ നിന്ന് 200 മീറ്റര്‍ അകലെ മാത്രമാണ് രണ്ട് നിലകളുള്ള ജല ഗതാഗത സ്റ്റേഷന്‍. അബ്രയുടെ പരമ്പരാഗത മാതൃക നിലനിര്‍ത്തിയാണ് എയര്‍കണ്ടീഷന്‍ ഉള്‍പ്പെടെ ആധുനിക സൗകര്യങ്ങള്ളു അബ്രകള്‍ നീറ്റിലിറക്കിയത്. 20 പേര്‍ക്ക് ഇതില്‍ ഇരുന്ന് യാത്ര ചെയ്യാം. ഫൈബര്‍ഗ്ളാസ് കൊണ്ട് നിര്‍മിച്ച ഈ അബ്രയില്‍ ദുബൈ ക്രീക്കിന്റെ സൗന്ദര്യം 360 ഡിഗ്രിയില്‍ ആസ്വദിച്ച് യാത്ര ചെയ്യാനാവും. തുടക്കത്തില്‍ ജദ്ദാഫില്‍ നിന്ന് ഫെസ്റ്റിവല്‍ സിറ്റി സ്റ്റേഷന്‍ വരെയാണ് സര്‍വീസ്. ആഴ്ചയില്‍ ഏഴുദിവസവും രാവിലെ ഏഴുമുതല്‍ രാത്രി 12 വരെ സര്‍വീസുണ്ടാകും. ജദ്ദാഫില്‍ നിന്ന് ഫെസ്റ്റിവല്‍ സിറ്റിയിലെത്താന്‍ ഏഴ് മിനിറ്റി സമയമെടുക്കും. രണ്ട് ദിര്‍ഹമാണ് നിരക്ക്. റാസല്‍ഖോര്‍ വന്യജീവി സങ്കേതത്തിലേക്കും ഇവിടെ നിന്ന് സര്‍വീസ് തുടങ്ങാന്‍ പദ്ധതിയുണ്ട്.