ഒമാനിൽ പ്ലാസ്റ്റിക് ഷോപ്പിങ് ബാഗ് നിരോധനത്തിന്റെ രണ്ടാം ഘട്ടം ജനുവരി മുതൽ

ബോധവൽക്കരണ കാമ്പയിനുമായി പരിസ്ഥിതി അതോറിറ്റി

Update: 2024-12-27 17:29 GMT
Advertising

മസ്‌കത്ത്: ഒമാനിൽ പ്ലാസ്റ്റിക് ഷോപ്പിങ് ബാഗുകളുടെ നിരോധനത്തിന്റെ രണ്ടാം ഘട്ടം ജനുവരി മുതൽ നടപ്പാക്കും. ജനുവരി ഒന്നുമുതൽ ഫാബ്രിക് സ്റ്റോർ, ടെക്സ്‌റ്റൈൽസ്, മൊബൈൽ ഷോപ്പ് തുടങ്ങിയ ഇടങ്ങളിൽ പ്ലാസ്റ്റിക് ബാഗുകൾ ഉപയോഗിക്കാൻ പാടില്ല. നിരോധനത്തിന്റെ പശ്ചാത്തലത്തിൽ പരിസ്ഥിതി അതോറിറ്റി ബോധവൽക്കരണ കാമ്പയിനുകൾ സംഘടിപ്പിക്കുന്നുണ്ട്.

2027 ജൂലൈ ഒന്നോടെ പൂർണമായും പ്ലാസ്റ്റിക് ഷോപ്പിങ് ബാഗുകൾ ഇല്ലാത്ത രാജ്യമായി ഒമാനെ മാറ്റുകയാണ് ലക്ഷ്യം. ഘട്ടം ഘട്ടമായാണ് ഇത് നടപ്പാക്കുന്നത്. ആദ്യ ഘട്ടത്തിൽ ഈ വർഷം ജൂലൈയിൽ ആശുപത്രി, ഫാർമസി ക്ലിനിക് എന്നിവിടങ്ങളിലാണ് നടപ്പാക്കിയത്.

2025 ജനുവരി ഒന്നുമുതൽ ഫാബ്രിക് സ്റ്റോർ, ടെക്സ്‌റ്റൈൽസ്, ടൈലറിങ്, കണ്ണട ഷോപ്പ്, മൊബൈൽ ഷോപ്പ്, സർവീസ് സെൻറർ, വാച്ച് സർവീസ്, ഹൗസ്ഹോൾഡ് കടകൾ തുടങ്ങിയ സ്ഥാപനങ്ങളിൽ പ്ലാസ്റ്റിക് ഷോപ്പിങ് ബാഗുകൾ ഉപയോഗിക്കരുത്.

2025 ജൂലൈ ഒന്നുമുതൽ ഭക്ഷണ ശാലകൾ, പഴം-പച്ചക്കറി വിതരണ സ്ഥാപനങ്ങൾ, ഗിഫ്റ്റ് ഷോപ്പ്, ബേക്കറി, ബ്രഡ്, സ്വീറ്റ്സ് വിൽപന കടകൾ, കാൻഡി ഫാക്ടറി എന്നിവിടങ്ങളിലുമാണ് 2025ൽ ഈ വർഷം നിരോധനം നടപ്പാക്കിത്തുടങ്ങുന്ന ഇടങ്ങൾ. നിരോധനത്തിന്റെ പശ്ചാത്തലത്തിലാണ് പരിസ്ഥിതി അതോറിറ്റി ബോധവൽക്കരണ കാമ്പയിനുകളുമായി ഇറങ്ങിയത്. പുതിയ നിയമങ്ങളെക്കുറിച്ച് പൊതുജനങ്ങളെ അറിയിക്കുന്നതിനും പ്ലാസ്റ്റിക് ബാഗുകൾക്ക് പകരം പുനരുപയോഗിക്കാവുന്ന ബാഗുകൾ ഉപയോഗിക്കാൻ ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിനുമാണ് കാമ്പയിൻ ലക്ഷ്യം വെക്കുന്നത്. നിയമലംഘകർക്ക് 50 റിയാൽ മുതൽ 1,000 റിയാൽ വരെ പിഴ ശിക്ഷ ലഭിക്കും. കുറ്റം ആവർത്തിക്കുന്നവരുടെ മേൽ പിഴ ഇരട്ടിയാവുകയും ചെയ്യും.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News