ഡോ. മൻമോഹൻ സിംഗിന്റെ നിര്യാണത്തിൽ കേളി അനുശോചിച്ചു

ഇടതുപക്ഷ എതിർപ്പുകളെ ജനാധിപത്യ മര്യാദയിൽ പ്രതികരിക്കാൻ ശ്രദ്ധിച്ചതായും കേളി സെക്രട്ടറിയേറ്റ്

Update: 2024-12-27 15:51 GMT
Advertising

റിയാദ്: മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിന്റെ വിയോഗത്തിൽ ഇടത് പോഷക സംഘടനയായ റിയാദിലെ കേളി കലാ സാംസ്‌കാരിക വേദി അനുശോചിച്ചു. ഭരണഘടനയോട് കൂറ് പുലർത്തുന്നതിലും ജനാധിപത്യത്തിന്റേയും മതനിരപേക്ഷതയുടേയും മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നത്തിലും പ്രധാനമന്ത്രിയായിരിക്കെ ഡോ. മൻമോഹൻ സിംഗ് മികവ് പുലർത്തി. ഇടതുപക്ഷത്തിന്റെ പിന്തുണയോടെയുള്ള ഒന്നാം യുപിഎ സർക്കാരിന്റെ കാലത്ത് ദേശീയ ഗ്രാമീണ ആരോഗ്യ ദൗത്യം, ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, വിവരാവകാശ നിയമം, വനാവകാശ നിയമം തുടങ്ങിയ സുപ്രധാന നിയമനിർമാണങ്ങൾ നടപ്പാക്കിയത് ഡോ. മൻമോഹൻ സിംഗ് പ്രധാനമന്ത്രിയായിരിക്കെയാണ്. റിസർവ് ബാങ്ക് ഗവർണറും 1991 മുതൽ 2024 വരെ ആറ് തവണ രാജ്യസഭാ അംഗവുമായിരുന്ന അദ്ദേഹം ചുരുങ്ങിയ സമയമാണെങ്കിലും വിദേശകാര്യ വകുപ്പ് കൈകാര്യം ചെയ്ത വേളയിൽ രാജ്യത്തിന്റെ അന്തർദ്ദേശീയ ബന്ധങ്ങൾ കാത്തു സൂക്ഷിക്കാൻ ശ്രദ്ധിച്ചു.

ധനകാര്യമന്ത്രി പദത്തിലിരിക്കുമ്പോൾ ഇന്ത്യൻ സാമ്പത്തിക മേഖലയിൽ നിരവധി പരിഷ്‌കാരങ്ങൾ നടപ്പാക്കിയിട്ടുണ്ട്. ആഗോളവൽക്കരണണത്തിനും ഉദാരവൽക്കരണത്തിനും വാതിൽ തുറന്നു കൊടുത്ത അദ്ദേഹത്തിന്റെ കാലഘട്ടത്തിൽ ഇടതുപക്ഷ എതിർപ്പുകളെ ജനാധിപത്യ മര്യാദയിൽ പ്രതികരിക്കാൻ അദ്ദേഹം ശ്രദ്ധിച്ചതായും കേളി സെക്രട്ടറിയേറ്റ് ഇറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

മൻമോഹൻ സിംഗിന്റെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായും അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കു ചേരുന്നതായും കേളി സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News