അനധികൃത താമസക്കാര്‍ക്ക് പൊതുമാപ്പില്‍ നാട്ടിലെത്താന്‍ പാസ്പോര്‍ട്ട് ഓഫീസുകളില്‍ നടപടി തുടങ്ങി
ഇഖാമ നമ്പറുമായി എത്തിയാല്‍ വേഗത്തില്‍ എക്സിറ്റ് നല്‍കുമെന്ന് പാസ്പോര്‍ട്ട് ഓഫീസ് മേധാവി അറിയിച്ചു
അനധികൃത താമസക്കാരായ പ്രവാസികള്‍ക്ക് പൊതുമാപ്പില്‍ നാട്ടിലെത്താന്‍ ദമ്മാമിലേയും ജുബൈലിലേയും പാസ്പോര്‍ട്ട് ഓഫീസുകളില്‍ നടപടി തുടങ്ങി. ഇഖാമ നമ്പറുമായി എത്തിയാല്‍ വേഗത്തില്‍ എക്സിറ്റ് നല്‍കുമെന്ന് പാസ്പോര്‍ട്ട് ഓഫീസ് മേധാവി അറിയിച്ചു.പൊതുമാപ്പിന്റെ കാലാവധി ഒരുമാസം കൂടി നീട്ടിയ സാഹചര്യത്തിലാണ് നടപടി തുടങ്ങിയത്.
പൊതുമാപ്പിന്റെ ഭാഗമായി ഇന്ത്യക്കാര്‍ക്ക് നേരത്തേ ലഭിച്ചിരുന്ന സേവനങ്ങള്‍ ഇത്തവണയും ലഭിക്കും. ഇഖാമ നമ്പറുണ്ടെങ്കില്‍ എക്സിറ്റ് ലഭിക്കും. ഇതിനായുള്ള നടപടികളെല്ലാം ദമ്മാം, ജുലൈബല്‍ പാസ്പോര്‍ട്ട് ഓഫീസുകളില്‍ പൂര്‍ത്തിയായെന്ന് ജവാസാത്ത് മേധാവി അബ്ദുല്ല മുഹമ്മദ് അല്‍ബശീര്‍ അറിയിച്ചു. പൊതുമാപ്പിന്റെ കാലാവധി ഒരുമാസം കൂടി നീട്ടിയ സാഹചര്യത്തിലാണ് നടപടികളെല്ലാം. 2017 മാര്‍ച്ച് 19 ന് മുമ്പ് ഹുറൂബാക്കപ്പെട്ടവര്‍ക്കാണ് പുതിയ പൊതുമാപ്പ് അവസരം. ഇഖാമ കാലാവധി കഴിഞ്ഞവര്‍ക്കും സന്ദര്‍ശക വിസാ കാലാവധി പൂര്‍ത്തിയായിട്ടും രാജ്യത്ത് തങ്ങിയവര്‍ക്കും ആനുകൂല്യം ലഭിക്കും. പൊതുമാപ്പ് ആവശ്യമുള്ളവര്‍ ജുബൈല്‍ ജവാസത്തില്‍ നേരിട്ട് ബന്ധപ്പെടണം. ഇതിനായി അപ്പോയ്ന്‍മെന്റ് എടുക്കേണ്ടതില്ല. ആനുകൂല്യം ലഭ്യമാക്കുന്നതിന് എല്ലാ നടപടികളും സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു. ഇനി പൊതുമാപ്പ് കാലാവധി നീട്ടാനിടയില്ല. ഇളവ് കാലം കഴിഞ്ഞാല്‍ നിയമലംഘകര്‍ കടുത്ത ശിക്ഷ ഏറ്റുവാങ്ങേണ്ടി വരുമെന്നും മുന്നറിയിപ്പുണ്ട്.