ബ്രെക്സിറ്റ് മുതലെടുക്കാന്‍ ഗള്‍ഫ് രാജ്യങ്ങള്‍
ടൂറിസം ഉള്‍പ്പെടെയുള്ള മേഖലകള്‍ക്ക് തിരിച്ചടിയാകുമെങ്കിലും, ബ്രെക്സിറ്റിന്റെ ഗുണഫലങ്ങള്‍ പ്രയോജനപ്പെടുത്താനുള്ള തിടുക്കത്തില്‍ ഗള്‍ഫ് രാജ്യങ്ങള്‍.
ടൂറിസം ഉള്‍പ്പെടെയുള്ള മേഖലകള്‍ക്ക് തിരിച്ചടിയാകുമെങ്കിലും, ബ്രെക്സിറ്റിന്റെ ഗുണഫലങ്ങള്‍ പ്രയോജനപ്പെടുത്താനുള്ള തിടുക്കത്തില്‍ ഗള്‍ഫ് രാജ്യങ്ങള്‍. വാണിജ്യ, പ്രതിരോധ മേഖലകളില്‍ ബ്രിട്ടനുമായി രൂപപ്പെടുന്ന പുതിയ കരാറുകളിലാണ് യു.എ.ഇ ഉള്‍പ്പെടെ ഗള്‍ഫ് രാജ്യങ്ങളുടെ പ്രതീക്ഷ.
ബ്രെക്സിറ്റിന്റെ പ്രതികൂല ഘടകങ്ങള്‍ മാറ്റി നിര്‍ത്തി പുതിയ അവസരം പരമാവധി പ്രയോജനപ്പെടുത്താന്‍ തന്നെയാണ് ജി.സി.സി രാജ്യങ്ങളുടെ നീക്കം. യൂറോപ്യന്‍ യൂണിയനില്‍ നിന്ന് വിടുതല്‍ നേടുന്നതോടെ ഗള്‍ഫ് രാജ്യങ്ങളുമായി പുതിയ കരാറുകള്‍ക്ക് രൂപം നല്‍കാന്‍ ബ്രിട്ടനും കൂടുതല്‍ താല്‍പര്യമെടുക്കും. ബ്രിട്ടനെ സംബന്ധിച്ചേടത്തോളം തങ്ങളുടെ ഏറ്റവും മികച്ച വാണിജ്യ പ്രതിരോധ പങ്കാളി കൂടിയാണ് ജി.സി.സി കൂട്ടായ്മ.
ബ്രിട്ടനില്‍ നിക്ഷേപമുള്ള ലോക രാജ്യങ്ങളില്‍ അഞ്ചാം സ്ഥാനമാണ് യു.എ.ഇക്കുള്ളത്. ബ്രിട്ടന് യു.എ.ഇയുമായി പ്രതിവര്‍ഷം 9 ബില്യന്‍ പൗണ്ടിന്റെ വ്യാപാരമുണ്ട്. 2020 ഓടെ ഇത് 25 ബില്യനില്‍ എത്തിക്കാനാണ് ഇരുവിഭാഗവും ആഗ്രഹിക്കുന്നത്. സൗദി ഉള്‍പ്പെടെ ഗള്‍ഫ് രാജ്യങ്ങളുമായി വന്‍തുകയുടെ ആയുധ കരാറുകള്‍ക്കും ബ്രിട്ടന്‍ രൂപം നല്‍കാനിരിക്കുകയാണ്. സാമ്പത്തിക മേഖലയില്‍ താല്‍ക്കാലിക തിരിച്ചടി ഉണ്ടാകുമെങ്കിലും ബ്രിട്ടന് കൂടുതല്‍ മെച്ചപ്പെട്ട ഭാവിയാണുള്ളതെന്നും വിദഗ്ധര്‍ വ്യക്തമാക്കുന്നു. പ്രതിരോധ മേഖലയില്‍ ഒട്ടേറെ കരാറുകളിലാണ് ഗള്‍ഫ് രാജ്യങ്ങളുമായി ബ്രിട്ടന്‍ അടുത്തിടെ ഒപ്പുവെച്ചത്. ബഹ്റൈനില്‍ നാവിക കേന്ദ്രവും ഒമാനില്‍ സ്ഥിരം സൈനിക കേന്ദ്രം ആരംഭിക്കുന്നതും സഹകരണത്തിന് കൂടുതല്‍ വ്യാപ്തി നല്‍കും.
ഗള്‍ഫ് നേതാക്കളില്‍ ചിലര്‍ ഈ വര്‍ഷം തന്നെ ബ്രിട്ടന്‍ സന്ദര്‍ശിക്കാനിരിക്കെ, ഉഭയകക്ഷി ബന്ധത്തിന് കൂടുതല്‍ ഉണര്‍വാകും ലഭിക്കുക.