ഖത്തര്‍ ഉപരോധം; മധ്യസ്ഥ ശ്രമങ്ങളില്‍ നിന്നും രാജ്യങ്ങള്‍‌ പിന്നോട്ട്

Update: 2018-05-23 22:35 GMT
Editor : Jaisy
ഖത്തര്‍ ഉപരോധം; മധ്യസ്ഥ ശ്രമങ്ങളില്‍ നിന്നും രാജ്യങ്ങള്‍‌ പിന്നോട്ട്
Advertising

തങ്ങളുടെ വാദമുഖങ്ങൾ എല്ലാ രാജ്യങ്ങൾക്കു മുമ്പാകെയും അവതരിപ്പിക്കാനുള്ള ശ്രമങ്ങൾ ഇരുപക്ഷവും തുടരുകയാണ്

ഉപരോധം പിൻവലിക്കാതെ അനുരഞ്​ജന ചർച്ചയി​ല്ലെന്ന ഖത്തർ നിലപാടിനെ തുടർന്ന്​ മധ്യസ്ഥ ശ്രമങ്ങളുമായി നിന്ന രാജ്യങ്ങൾ പിറകോട്ടടിക്കുന്നു. തങ്ങളുടെ വാദമുഖങ്ങൾ എല്ലാ രാജ്യങ്ങൾക്കു മുമ്പാകെയും അവതരിപ്പിക്കാനുള്ള ശ്രമങ്ങൾ ഇരുപക്ഷവും തുടരുകയാണ്​.

തീവ്രവാദ ആഭിമുഖ്യമുള്ള എല്ലാ നടപടികളിൽനിന്നും പിൻവാങ്ങാൻ ഖത്തർ തയാറാകണം എന്നാണ്​ സൗദി അനുകൂല രാജ്യങ്ങളുടെ ആവശ്യം. ഇതുമായി ബന്ധപ്പെട്ട പരാതികൾ ഉടൻ തന്നെ പുറത്തിറക്കുമെന്നും ഈ രാജ്യങ്ങൾ വ്യക്തമാക്കിയിരുന്നു. എന്നാൽ ഉപരോധം അന്യായമാണെന്നും അതു പിൻവലിക്കാതെ ചർച്ച തന്നെ തുടരുന്നതിൽ കാര്യമില്ലെന്നുമാണ്​ ഖത്തർ വിദേശകാര്യ മന്ത്രിയുടെ പ്രതികരണം.

കുവൈത്ത്​ അമീറിന്റെ മധ്യസ്ഥതയിലും അല്ലാതെയും നടന്ന സമവായ നീക്കങ്ങൾ ഇതോടെ വഴിമുട്ടി. ഇരുകൂട്ടർക്കും യോജിക്കാവുന്ന മേഖലകൾ കുറഞ്ഞതാണ്​ സമവായ നീക്കത്തിന്​ തിരിച്ചടിയായത്​. ഉറച്ചതും വ്യക്​തവുമായ ഉറപ്പുകൾ നൽകാതെ ഉപരോധ നടപടികളിൽ മാറ്റം വരുത്തില്ലെന്നു തന്നെയാണ്​ സൗദി അനുകൂല രാജ്യങ്ങൾ വ്യക്​തമാക്കുന്നത്​. തുർക്കി, ജർമനി, ഫ്രാൻസ്​, അമേരിക്ക ഉൾപ്പെടെ വിദേശ രാജ്യങ്ങൾ നടത്തിയ നീക്കങ്ങളും വിജയം കണ്ടില്ല. മേഖലയുടെ സുരക്ഷ മുൻനിർത്തി അംഗരാജ്യങ്ങൾക്കിടയിൽ തന്നെ പ്രശ്നപരിഹാരം ഉണ്ടാക്കണം എന്നാണ്​ ഭൂരിഭാഗവും ആഗ്രഹിക്കുന്നത്​. എന്നാൽ അതിനുള്ള സാധ്യതയും കുറവാണ്​.

യു.എസ്​ സ്റ്റേറ്റ്​ സെക്രട്ടറിയുടെ നേതൃത്വത്തിൽ നടക്കുന്ന അനുരഞ്ജന ചർച്ചകളിലും വേണ്ടത്ര പുരോഗതിയില്ല. അതേ സമയം വൻശക്തി രാജ്യങ്ങളുടെയും യൂറോപ്യൻ യൂണിയന്റെയും പിന്തുണ ഉറപ്പാക്കാൻ നയതന്ത്ര നീക്കങ്ങൾ സജീവമായി തുടരുകയാണ്​. സൗദി, യുഎഇ, ബഹ്റൈൻ, ഈജിപ്ത്​ നയതന്ത്ര പ്രതിനിധികൾ കഴിഞ്ഞ ദിവസം റഷ്യൻ വിദേശകാര്യ മന്ത്രാലയ സമിതിയുമായി ചർച്ച നടത്തി. റിയാദ്​ പ്രഖ്യാപനത്തെ പിന്തുണക്കാൻ ഖത്തറിന്​ ബാധ്യതയുണ്ടെന്നും തീവ്രവാദ സംഘടനകളോടുള്ള അടുപ്പം ഒരുനിലക്കും അംഗീകരിക്കാൻ സാധിക്കില്ലെന്നുമാണ്​ റഷ്യ വ്യക്തമാക്കിയത്​. യു.എൻ സെക്രട്ടറി ജനറലിന്റെ ഇടപെടൽ മുഖേനയുള്ള അനുരഞ്ജന നീക്കവും തുടരുകയാണ്​.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News