ഗൾഫ് പ്രതിസന്ധി കൂടുതൽ സങ്കീർണമായ വഴിത്തിരിവില്‍; യാത്രാവിമാന പ്രശ്നം അന്താരാഷ്ട്ര സമിതിയിലേക്ക്
ഖത്തർ നടപടിക്കെതിരെ അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ സമിതിക്ക് പരാതി നൽകാനുള്ള നീക്കത്തിലാണ് യു.എ.ഇ അധികൃതർ
ഏഴു മാസം പിന്നിട്ട ഗൾഫ് പ്രതിസന്ധി കൂടുതൽ സങ്കീർണമായ വഴിത്തിരിവിലേക്ക്. യാത്രാവിമാനത്തെ ഖത്തർ സെനിക വിമാനങ്ങൾ പിന്തുടർന്നതായ യുഎഇ ആരോപണം ഭിന്നതക്ക് ആഴം വർധിപ്പിക്കുകയാണ്. പ്രശ്നപരിഹാര നടപടികളും ഇതോടെ അനിശ്ചിതത്വത്തിലായി.
ഖത്തർ നടപടിക്കെതിരെ അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ സമിതിക്ക് പരാതി നൽകാനുള്ള നീക്കത്തിലാണ് യു.എ.ഇ അധികൃതർ. നേരത്തെ യു.എ.ഇ ഉൾപ്പെടെയുള്ള നാല് രാജ്യങ്ങൾക്കെതിരെ ഉപരോധ സാഹചര്യം സൃഷ്ടിച്ചതിന് ഖത്തർ സമിതിക്ക് പരാതി നൽകിയതാണ്. ഭിന്നത വർധിച്ചതോടെ കൂടുതൽ കടുത്ത നടപടികൾക്ക് ഇരുകൂട്ടരും തയാറെടുക്കുകയാണ്. ഇത് ഗൾഫ് താൽപര്യങ്ങൾക്ക് വലിയ തോതിൽ തിരിച്ചടിയാകും.
ജി.സി.സി അംഗ രാജ്യങ്ങൾക്കിടയിലെ അഭിപ്രായ ഭിന്നത പരിഹരിക്കാൻ പല തലങ്ങളിൽ ചർച്ച നടന്നുവെങ്കിലും കാര്യമായ വിജയം നേടാനായില്ല. എങ്കിലും കുവൈത്തും ഒമാനും പ്രതീക്ഷ പൂർണമായും കൈവിട്ടിരുന്നില്ല. പുതിയ സംഭവവികാസത്തോടെ ഇരുവിഭാഗവും നിലപാട് കടുപ്പിക്കുകയാണ്. സൗദിയും ബഹ്റൈനും ഖത്തർ നടപടിയെ രൂക്ഷമായി വിമർശിച്ച് യു.എ.ഇക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ചതും ശ്രദ്ധേയമാണ്.
ഡിസംബറിൽ കുവൈത്തിൽ ചേർന്ന ജി.സി.സി ഉച്ചകോടി പരാജയപ്പെട്ടതോടെ ഗൾഫ് കൂട്ടായ്മയുടെ ഭാവി സംബന്ധിച്ച ആശങ്ക ശക്തമാണ്. വ്യോമയാന തർക്കം എന്നതിലുപരി തങ്ങളുടെ സുരക്ഷയെ ബാധിക്കുന്ന വെല്ലുവിളി എന്ന നിലക്കാണ് പുതിയ സംഭവത്തെ ബന്ധപ്പെട്ടവർ നോക്കി കാണുന്നത്.