ഖത്തര്‍ മറ്റു രാജ്യങ്ങളുടെ വിശ്വാസം ആര്‍ജിക്കണം യുഎഇ വിദേശകാര്യമന്ത്രി
അമേരിക്കയുമായി ഖത്തര്‍ ഒപ്പിട്ട തീവ്രവാദ കരാറിനെ കുറിച്ച് പ്രതികരിക്കുകയായിരുന്നു ശൈഖ് അബ്ദുല്ല ബിന്‍ സായിദ് ആല്‍ നഹ്‍യാന്‍
തീവ്രവാദത്തിന് എതിരായ നിലപാടില്‍ ഖത്തറിന് ഇനിയും മറ്റുരാജ്യങ്ങളുടെ വിശ്വാസം ആര്‍ജിക്കാന്‍ കഴിയണമെന്ന് യുഎഇ വിദേശകാര്യമന്ത്രി. അമേരിക്കയുമായി ഖത്തര്‍ ഒപ്പിട്ട തീവ്രവാദ കരാറിനെ കുറിച്ച് പ്രതികരിക്കുകയായിരുന്നു ശൈഖ് അബ്ദുല്ല ബിന്‍ സായിദ് ആല്‍ നഹ്‍യാന്‍.
അമേരിക്കയുമായി തീവ്രവാദവിരുദ്ധ കരാര്‍ ഒപ്പിട്ട ഖത്തറിന്റെ നടപടിയെ യുഎഇ വിദേശകാര്യമന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് ആല്‍ നഹ്‍യാന്‍ സ്വാഗതം ചെയ്തു. എന്നാല്‍, ഖത്തര്‍ എത്രമാത്രം ഈ കരാര്‍ പാലിക്കുമെന്നതില്‍ ആശങ്കയുണ്ടെന്ന് അദ്ദേഹം പ്രതികരിച്ചു. ജിസിസിയുമായി ഖത്തര്‍ രണ്ട് കരാറുകള്‍ ഒപ്പിട്ടിരുന്നു. എന്നാല്‍ അവ പാലിച്ചില്ലെന്ന് ശൈഖ് അബ്ദുല്ല വിമര്‍ശിച്ചു. ഒപ്പിട്ട കരാറിലെ വ്യവസ്ഥകള്‍ പാലിച്ച് ഖത്തര്‍ മറ്റു രാജ്യങ്ങളുടെ വിശ്വാസം ആര്‍ജിക്കാന്‍ ഖത്തറിന് കഴിയണം. ഖത്തര്‍ തീവ്രവാദത്തെ പ്രോല്‍സാഹിപ്പിക്കുന്നു, അവര്‍ക്ക് താവളമൊരുക്കുന്നു എന്നിങ്ങനെ മറ്റു രാജ്യങ്ങള്‍ക്കുള്ള ധാരണകള്‍ തിരുത്താനാണ് അവര്‍ ശ്രമിക്കേണ്ടത്. ഭിന്നത വളര്‍ത്തുന്നവരെയും തീവ്രവാദം വളര്‍ത്തുന്നവരെയും ഒരു വിധത്തിലും പ്രോല്‍സാഹിപ്പിക്കേണ്ടതില്ല എന്നാണ് മേഖലയുടെ തീരുമാനം. ഈ നിലപാട് സ്വീകരിച്ചാല്‍ തങ്ങള്‍ സ്വാഗതം ചെയ്യും അല്ലെങ്കില്‍ സലാം പറഞ്ഞുപിരിയാം എന്നും മന്ത്രി പറഞ്ഞു. സ്ലോവാക്യന്‍ വിദേശകാര്യമന്ത്രിയുമായി നടത്തിയ സംയുക്താവാര്‍ത്താ സമ്മേളനത്തിലായിരുന്നു വിദേശകാര്യമന്ത്രിയുടെ പ്രതികരണം.