കമോൺ കേരളക്ക് ഇനി രണ്ടു നാളുകള്‍ കൂടി

Update: 2018-05-24 09:01 GMT
Editor : Jaisy
കമോൺ കേരളക്ക് ഇനി രണ്ടു നാളുകള്‍ കൂടി
Advertising

ഗൾഫ്​- ഇന്ത്യ സൗഹൃദം ശക്തമായ കാലത്ത്​ ഇത്തരമൊരു മേളക്ക്​ പ്രസക്തി ഏറെയാണെന്ന്​ പ്രമുഖർ അഭിപ്രായപ്പെട്ടു

കമോൺ കേരള ഇൻഡോ അറബ്​ വ്യാപാര സാംസ്കാരിക സൗഹൃദ സംഗമത്തിന്​ ഇനി രണ്ടു നാളുകൾ കൂടി. യു.എ.ഇ സുപ്രിം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ്​ ഡോ.സുൽത്താൻ ബിൻ മുഹമ്മദ്​ അൽ ഖാസിമിയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കപ്പെടുന്നത്. ഗൾഫ്​- ഇന്ത്യ സൗഹൃദം ശക്തമായ കാലത്ത്​ ഇത്തരമൊരു മേളക്ക്​ പ്രസക്തി ഏറെയാണെന്ന്​ പ്രമുഖർ അഭിപ്രായപ്പെട്ടു.

'കമോൺ കേരള' എന്ന പേരിൽ ഗൾഫ്​ മാധ്യമം ഒരുക്കുന്ന മേളക്ക്​ ഷാർജ എക്സ്​പോ സെന്റർ ഒരുങ്ങുകയാണ്​. വ്യാഴാഴ്ച രാവിലെ പതിനൊന്നിന്​ ഷാർജ ഭരണാധികാരി ശൈഖ്​ ഡോ. സുൽത്താൻ ബിൻ മുഹമ്മദ്​ ആൽ ഖാസ്​മിയാണ്​ മേളയുടെ ഉദ്ഘാടനം നിർവഹിക്കുക. ഇന്ത്യയുടെ വൈവിധ്യം യു.എ.ഇ സമൂഹത്തിനു മുന്നിൽ അവതരിപ്പിക്കാനും സാംസ്​കാരികവും വാണിജ്യവുമായ നിക്ഷേപങ്ങൾ സാധ്യമാക്കാനും ഏറ്റവും അനുയോജ്യമായ സമയമാണിതെന്ന്​ ദുബൈ ഇന്ത്യൻ കോൺസുൽ ജനറൽ വിപുൽ വ്യക്​തമാക്കി. ഉദ്​ഘാടന ചടങ്ങിൽ അദ്ദേഹം സംബന്ധിക്കും.

ഗൾഫ്​ മേഖലയിലെ ശക്തമായ സാന്നിധ്യമായ ഗൾഫ്​ മാധ്യമത്തിന്​ കമോൺ കേരള പോലൊരു ആശയത്തെ ശരിയായ അർഥത്തിൽ പ്രയോഗവത്​കരിക്കാനും വിജയത്തിലെത്തിക്കാനും കഴിയുമെന്ന്​ പ്രമുഖ വ്യവസായിയും മൈത്ര ഹോസ്പിറ്റൽ ബോർഡ്​ ചെയർമാന്‍ ഫൈസൽ ഇ കൊട്ടിക്കൊളൻ അഭിപ്രായപ്പെട്ടു. പ്രവാസികൾ എന്നും മനസിൽ സൂക്ഷിക്കുന്ന നൻമയും പച്ചപ്പും നിറഞ്ഞ കേരളത്തിന്റെ തനതു കാഴ്​ചകൾ പുനസൃഷ്ടിച്ചാണ്​ എക്സ്പോ ​സെന്ററിൽ വേദി ഒരുങ്ങുന്നത്​. കേരളത്തിന്റെ എല്ലാ കോണുകളിൽ നിന്നുമുള്ള ഭക്ഷ്യവിഭവങ്ങൾ ഉൾക്കൊള്ളുന്ന തെരുവും ഇവിടെയുണ്ടാവും.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News