അറബികളെ ആകര്‍ഷിച്ച് ജോര്‍ഡനിലെ ഏക മലയാളി ഹോട്ടല്‍
കടലിനപ്പുറത്തെ മലബാര്‍ രുചി തേടി ഈ മലബാരി ഇന്ത്യന്‍ റസ്‌റ്റോറന്റില്‍ എത്തുന്നവരില്‍ കൂടുതലും അറബികള്‍ തന്നെ. മലബാര്‍ ബിരിയാണിയും പൊറാട്ടയും ബീഫും ചിക്കന്‍ കറിയും തേടി വിദൂരദിക്കുകളില്‍ നിന്നുവരെ ആളുകളെത്തുന്നു...
പശ്ചിമേഷ്യയില്‍ ഏറ്റവും കുറഞ്ഞ മലയാളികള്‍ ജോലി ചെയ്യുന്ന രാജ്യങ്ങളില്‍ ഒന്നാണ് ജോര്‍ഡന്‍. പ്രതികൂല സാഹചര്യങ്ങള്‍ക്കിടയിലും പതിറ്റാണ്ടുകളായി ഇവിടെ ചേക്കേറിയവര്‍ക്ക് പറയാനുള്ളത് നല്ല അനുഭവങ്ങള്‍ മാത്രം.
ജോര്‍ഡനില്‍ മലയാളികളുടെ എണ്ണം ആയിരത്തില്‍ ഒതുങ്ങും. നെയ്ത്തു മേഖലയിലും മറ്റുമാണ് ഇവരില്‍ കൂടുതല്‍ പേരും ജോലി ചെയ്യുന്നത്. സിറിയന്‍ അതിര്‍ത്തിയായ ഇര്‍ബിദിലാണ് മലയാളികള്‍ ഏറെയും. വിദേശികള്‍ക്ക് വ്യാപാര സ്ഥാപനങ്ങള്‍ ആരംഭിക്കുന്നതിനും മറ്റും കര്‍ശന നിയന്ത്രണങ്ങളുള്ള രാജ്യം കൂടിയാണ് ജോര്‍ഡന്‍.
അതുകൊണ്ടു തന്നെ രാജ്യത്ത് ആകെയുള്ളത് ഒരു മലയാളി റസ്‌റ്റോറന്റ് മാത്രം. കടലിനപ്പുറത്തെ മലബാര്‍ രുചി തേടി ഈ മലബാരി ഇന്ത്യന്‍ റസ്‌റ്റോറന്റില്‍ എത്തുന്നവരില്‍ കൂടുതലും അറബികള്‍ തന്നെ. മലബാര്‍ ബിരിയാണിയും പൊറാട്ടയും ബീഫും ചിക്കന്‍ കറിയും തേടി വിദൂരദിക്കുകളില്‍ നിന്നുവരെ ആളുകളെത്തുന്നു.
12 വര്‍ഷമായി അമ്മാനിലെ യു.എ.ഇ എംബസി ജീവനക്കാരായ മലപ്പുറം ഒതുക്കുങ്ങല്‍ സ്വദേശി ഷഫീഖും അമ്മാവന്‍ അബ്ദുല്‍ ഗഫൂര്‍, വേങ്ങര സ്വദേശി ഹൈദര്‍ എന്നിവര്‍ ചേര്‍ന്നാണ് ഒന്നര വര്‍ഷം മുമ്പ് റസ്‌റ്റോറന്റ് ആരംഭിക്കുന്നത്. മലയാളികള്‍ ഏറ്റവും കൂടുതലുള്ള സിറിയന്‍ അതിര്‍ത്തി പ്രദേശമായ ഇര്‍ബിദില്‍ ജനുവരിയിലാണ് ഇതേ പേരില്‍ പുതിയ റസ്‌റ്റോറന്റ് തുറന്നതും ആവശ്യക്കാരുടെ സമ്മര്‍ദം കൊണ്ടു തന്നെ.