ഒമാന്‍ തൊഴില്‍വിസാ ഫീസ് നിരക്കുകള്‍ അമ്പത് ശതമാനം വര്‍ധിപ്പിച്ചു

Update: 2018-05-27 06:36 GMT
Editor : Alwyn K Jose
ഒമാന്‍ തൊഴില്‍വിസാ ഫീസ് നിരക്കുകള്‍ അമ്പത് ശതമാനം വര്‍ധിപ്പിച്ചു
Advertising

ഫീസ് വര്‍ധിപ്പിക്കുന്നതോടെ സര്‍ക്കാര്‍ ഖജനാവിലേക്ക് വലിയ തുക തന്നെ ചേരുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഒമാന്‍ തൊഴില്‍ വിസാ ഫീസ് നിരക്കുകള്‍ വര്‍ധിപ്പിച്ചു. നിലവിലെ നിരക്കില്‍ നിന്ന് അമ്പത് ശതമാനം വര്‍ധനവാണ് വരുത്തിയത്. ഗസറ്റില്‍ പബ്ളിഷ് ചെയ്യുന്നതോടെയാകും നിരക്ക് വര്‍ധന പ്രാബല്ല്യത്തില്‍ വരുക. അമ്പത് ശതമാനം ഫീസ് വര്‍ധിപ്പിക്കുന്നതോടെ സര്‍ക്കാര്‍ ഖജനാവിലേക്ക് വലിയ തുക തന്നെ ചേരുമെന്നാണ് വിലയിരുത്തപ്പെടുന്നത്. സ്വകാര്യ മേഖലയില്‍ പുതിയ തൊഴില്‍ വിസക്കും നിലവിലുള്ളവ പുതുക്കുന്നതിനും 201 റിയാലാണ് നിലവില്‍ തൊഴിലുടമ നല്‍കേണ്ടത്. ഇത് 301 റിയാലായാണ് ഉയരുക.

പ്രത്യേക മേഖലയിലുള്ള തൊഴിലാളികളുടെ ഗണത്തിലുള്ള വീട്ടുജോലിക്കാര്‍, ഒട്ടകങ്ങളെ മേക്കുന്നവര്‍, കാര്‍ഷിക മേഖലയിലെ തൊഴിലാളികള്‍ എന്നിവരുടെ വിസാ നിരക്കുകളിലും വര്‍ധനവുണ്ട്. മൂന്ന് വീട്ടുജോലിക്കാരെ വരെ റിക്രൂട്ട് ചെയ്യുന്നതിന് 141 റിയാല്‍ വീതമാണ് അടക്കേണ്ടത്. നാലാമത്തെയാളെ റിക്രൂട്ട് ചെയ്യുന്ന പക്ഷം 241 റിയാല്‍ നല്‍കണം. നാലു വീട്ടുജോലിക്കാരെയും നിലനിര്‍ത്തുകയും രണ്ടിലധികം വര്‍ഷം വിസ പുതുക്കുകയും ചെയ്താല്‍ ഓരോരുത്തര്‍ക്കും 241 റിയാല്‍ വീതം അടക്കണം. കര്‍ഷക തൊഴിലാളികളെയും ഒട്ടകങ്ങളെ മേക്കുന്നവരെയും റിക്രൂട്ട് ചെയ്യുന്നവര്‍ ഒരു തൊഴിലാളിക്ക് 201 റിയാല്‍ എന്ന കണക്കിന് അടക്കണം. നാലാമത്തെ റിക്രൂട്ട്മെന്‍റിന് 301 റിയാലാണ് നിരക്ക്. നാലു പേരെയും നിലനിര്‍ത്തുകയും രണ്ടിലധികം വര്‍ഷം വിസ പുതുക്കുകയും ചെയ്താല്‍ ഓരോരുത്തര്‍ക്കും 301 റിയാല്‍ വീതം അടക്കണം. സ്പോണ്‍സര്‍മാരെ മാറ്റുക, വര്‍ക്കര്‍ സ്റ്റാറ്റസിനെ കുറിച്ച് വിവരങ്ങള്‍ അറിയുക എന്നീ സേവനങ്ങള്‍ക്ക് അഞ്ച് റിയാല്‍ വീതവും ഫീസ് ഈടാക്കുമെന്ന് മാനവ വിഭവശേഷി മന്ത്രാലയം വക്താവ് അറിയിച്ചു. നിരക്ക് വര്‍ധന സംബന്ധിച്ച് ഉടന്‍ ഗസറ്റില്‍ പ്രസിദ്ധീകരിക്കുമെന്നും വക്താവ് കൂട്ടിച്ചേര്‍ത്തു.

എണ്ണയിതര വരുമാനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി വിസാ ഫീസ് നിരക്കുകള്‍ വര്‍ധിപ്പിക്കുമെന്ന് സര്‍ക്കാര്‍ നേരത്തേ അറിയിച്ചിരുന്നു. ഏറ്റവും ഒടുവിലത്തെ കണക്കനുസരിച്ച് 1,824,282 വിദേശ തൊഴിലാളികളാണ് ഒമാനിലുള്ളത്.

Full View
Tags:    

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News