ഖത്തറില്‍ നിന്നുള്ള തീര്‍ഥാടകര്‍ക്ക് ഹജ്ജിന് തടസമുണ്ടാകില്ലെന്ന് സൌദി ഹജ്ജ് മന്ത്രാലയം

Update: 2018-05-27 19:34 GMT
Editor : Jaisy
ഖത്തറില്‍ നിന്നുള്ള തീര്‍ഥാടകര്‍ക്ക് ഹജ്ജിന് തടസമുണ്ടാകില്ലെന്ന് സൌദി ഹജ്ജ് മന്ത്രാലയം
Advertising

ഖത്തര്‍ ഉള്‍പ്പെടെയുള്ള എല്ലാ രാജ്യങ്ങളില്‍ നിന്നുള്ള ഹാജിമാരെയും സ്വീകരിക്കാന്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി മന്ത്രാലയം അറിയിച്ചു

നയതന്ത്ര ബന്ധം വിച്ഛേദിച്ചെങ്കിലും ഖത്തറില്‍ നിന്നുള്ള തീര്‍ഥാടകര്‍ക്ക് ഹജ്ജ് നിര്‍വഹിക്കുന്നതിന് യാതൊരു തടസ്സവും നേരിടില്ലെന്ന് സൌദി ഹജ്ജ് മന്ത്രാലയം വ്യക്തമാക്കി. ഖത്തര്‍ ഉള്‍പ്പെടെയുള്ള എല്ലാ രാജ്യങ്ങളില്‍ നിന്നുള്ള ഹാജിമാരെയും സ്വീകരിക്കാന്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി മന്ത്രാലയം അറിയിച്ചു. ഈ മാസം ഇരുപത്തി നാല് മുതലാണ് വിദേശരാജ്യങ്ങളില്‍ നിന്നുള്ള തീര്‍ഥാടകര്‍ സൌദിയിലെത്തി തുടങ്ങുക.

Full View

ഖത്തറില്‍ നിന്ന് ഹജ്ജിനെത്തന്ന ഖത്തര്‍ പൗരന്മാരും ഖത്തറിലുള്ള വിദേശി തീര്‍ഥാടകരും വിമാന മാര്‍ഗമാണ് സൗദിയിലെത്തേണ്ടത്. ജിദ്ദയിലെ കിങ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളം, മദീനയിലെ അമീര്‍ മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളം എന്നിവ വഴിയാണ് ഖത്തറില്‍ നിന്നുള്ള തീര്‍ഥാടകര്‍ക്ക് പുണ്യഭൂമിയിലെത്താന്‍ കഴിയുക. ഖത്തര്‍ എയര്‍വെയ്സിന്‍റേതല്ലാത്ത ഇതര വിമാനങ്ങളില്‍ തീര്‍ഥാടകര്‍ സൗദിയിലേക്ക് യാത്ര ചെയ്യാം. ഈ വിമാന കമ്പനികള്‍ സൗദി സിവില്‍ എവിയേഷന്‍ അതോറിറ്റിയില്‍ നിന്ന് മുന്‍കൂട്ടി അനുമതി നേടിയിരിക്കണം. ഖത്തറിന് അനുവദിച്ചിട്ടുള്ള ക്വാട്ടയനുസരിച്ചുള്ള തീര്‍ഥാടകര്‍ക്കാണ് ഈ വര്‍ഷം ഹജ്ജ് നിര്‍വഹിക്കാനാവുക. ഓണ്‍ലൈന്‍ വഴി ഹജ്ജിന് റജിസ്റ്റര്‍ ചെയ്ത് പെര്‍മിറ്റ് കരസ്ഥമാക്കിയ ശേഷമായിരിക്കണം തീര്‍ഥാടകര്‍ ഹജ്ജിന് പുറപ്പെടേണ്ടത് എന്നും മന്ത്രാലയം അറിയിച്ചു. ഉംറ സീസണ്‍ അവസാനിച്ചതോടെ ഹാജിമാരെ സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് ഹജ്ജ് മന്ത്രാലയവും സൌദിയിലെ ഇതര സര്‍ക്കാര്‍ ഏജന്‍സികളും. തീര്‍ഥാകടകരെ സ്വീകരിക്കാന്‍ ജിദ്ദ ഹജ്ജ് ടെര്‍മിനലിലും മദീന വിമാനത്താവളത്തിലും സജ്ജീകരണങ്ങള്‍ പുരോഗമിക്കുകയാണ്. തിങ്കളാഴ്ചയാണ് വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ഹാജിമാര്‍ മദീനയില്‍ എത്തി തുടങ്ങുക. ഇന്ത്യയില്‍ നിന്നുള്ള ആദ്യ വിമാനവും അന്നേ ദിവസമാണ്. എന്നാല്‍ ഏത് രാജ്യത്ത് നിന്നുള്ള തീര്‍ഥാടകരാണ് ഇത്തവണ ആദ്യം സൌദിയിലെത്തുകയെന്ന് വ്യക്തമല്ല.ആദ്യ സംഘത്തിന് ഹജജ് മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ പരമ്പരാഗത രീതിയില്‍ സ്വീകരണം നല്‍കും.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News